കോഴിക്കോട്: തുടര്‍ഭരണം നല്ലതല്ലെന്ന നിലപാട് ആവര്‍ത്തിച്ച് കവിയും കേരളാ സാഹിത്യ അക്കാദമി അധ്യക്ഷനുമായ കെ സച്ചിദാനന്ദന്‍. രണ്ടുതവണ ഭരിച്ചു കഴിഞ്ഞാല്‍ പ്രതിപക്ഷത്തിരിക്കുന്നതാണ് നല്ലത്. കോണ്‍ഗ്രസ് ആണ് ഭരിക്കുന്നതെങ്കില്‍ താന്‍ ഇതുതന്നെ പറയും. ജനാധിപത്യത്തെ ജനാധിപത്യം ആക്കുന്നത് പ്രതിപക്ഷമാണ്.പ്രതിപക്ഷത്ത് ഇരിക്കുന്നത് ശക്തി കൂട്ടാനുള്ള വഴിയാണെന്നും കെ സച്ചിദാനന്ദന്‍ പ്രതികരിച്ചു.
തുടര്‍ച്ചയായി ഭരണത്തില്‍ ഇരിക്കുന്നത് അഴിമതിലേക്കും അധികാര കേന്ദ്രീകരണത്തിലേക്കും നയിച്ചേക്കാം. അവസരവാദികള്‍ ഒപ്പം കൂടും. ബംഗാളിലെ അനുഭവം നമ്മള്‍ ഓര്‍ക്കേണ്ടതുണ്ട്, പക്ഷെ കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ബംഗാളിലെ അവസ്ഥയിലേക്ക് പോയിട്ടില്ല. എന്നാല്‍ വീണ്ടും ഭരണം കിട്ടിയാല്‍ അങ്ങനെ പോകാന്‍ സാധ്യതയുണ്ട്. തുടര്‍ച്ചയായ ഭരണത്തിലൂടെ അധികാരമോഹികള്‍ പാര്‍ട്ടിയില്‍ വന്നുചേരും അത് പാര്‍ട്ടിയുടെ അടിസ്ഥാന സ്വഭാവത്തെ ഇല്ലാതാക്കുകയാണ് ചെയ്യുന്നത്.
വികസനത്തിന്റെ കാര്യത്തിലും സാക്ഷരതയുടെ കാര്യത്തിലും ഒക്കെ ഇടതു സര്‍ക്കാര്‍ നേട്ടങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട് എന്നാലും ജനങ്ങള്‍ക്ക് പാര്‍ട്ടിയെ വിമര്‍ശിക്കാനുള്ള ഭയം വര്‍ധിച്ചുവരികയാണ്.അത് ജനാധിപത്യ പാര്‍ട്ടിക്ക് ഭൂഷണമല്ലെന്നും അദ്ദേഹം പറഞ്ഞു.




