ന്യൂഡൽഹി: ഗുസ്തി താരങ്ങൾ നൽകിയ ലൈംഗികാതിക്രമ പരാതിയിൽ മുൻ ഗുസ്തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെ കോടതി വെറുതെ വിട്ടു. ഡൽഹിയിലെ വിചാരണക്കോടതിയാണ് ബ്രിജ് ഭൂഷണനെ കുറ്റവിമുക്തനാക്കിയത്. ഗുസ്തി താരങ്ങൾക്ക് നേരെ ബ്രിജ് ഭൂഷൺ ലൈംഗികാതിക്രമം നടത്തിയെന്നായിരുന്നു പരാതി. ഈ സംഭവത്തെ തുടർന്നാണ് ഗുസ്തി താരങ്ങൾ വലിയ പ്രതിഷേധ സമരം നടത്തിയത്.
ആറ് ഗുസ്തി താരങ്ങളാണ് ബ്രിജ് ഭൂഷണിനെതിരെ ആരോപണം ഉന്നയിച്ചത്. പരാതികളുടെ അടിസ്ഥാനത്തിൽ ഡൽഹി പൊലീസ് അദ്ദേഹത്തിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യുകയും പിന്നീട് കുറ്റപത്രം സമർപ്പിക്കുകയും ചെയ്തിരുന്നു.
ബ്രിജ് ഭൂഷണിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്നാവശ്യപ്പെട്ട് ഗുസ്തി താരങ്ങൾ നേരത്തെ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. തുടർന്ന് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടക്കുകയാണെന്ന് ഡൽഹി പൊലീസ് സുപ്രീം കോടതിയെ അറിയിച്ചിരുന്നു. ഒരു പ്രായപൂർത്തിയാകാത്ത ഗുസ്തി താരവും നേരത്തെ ബ്രിജ് ഭൂഷണിനെതിരെ പരാതി നൽകിയിരുന്നു. എന്നാൽ പിന്നീട് ഈ പരാതി പിൻവലിക്കുകയായിരുന്നു.




