തിരുവനന്തപുരം: തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിയിലെ ശുചിമുറിയിലെ ക്ലോസറ്റിൽ നവജാത ശിശുവിനെ ഉപേക്ഷിച്ച സംഭവത്തിൽ കുട്ടിയുടെ അമ്മയ്‌ക്കെതിരെ മെഡിക്കൽ കോളേജ് പൊലീസ് കേസെടുത്തു. തിരുവല്ലം സ്വദേശിനി ഗ്രീഷ്മയ്‌ക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് ഇവരുടെ സുഹൃത്ത് അമനെയും പൊലീസ് നിരീക്ഷണത്തിലാണെന്ന് അറിയിച്ചു.
ഇന്നലെ വൈകിട്ട് ഏഴരയോടെയാണ് സംഭവം. ഗർഭച്ഛിദ്രത്തിനുള്ള ഗുളിക കഴിച്ച ശേഷം ആശുപത്രിയിലെത്തിയ യുവതി ഗർഭച്ഛിദ്രം നടത്തണമെന്ന് ആവശ്യപ്പെട്ടതായാണ് പൊലീസ് പറയുന്നത്. ആറുമാസം ഗർഭിണിയായിരുന്ന യുവതിക്ക് രക്തസ്രാവമുണ്ടായതിനെ തുടർന്ന് ശുചിമുറിയിലേക്ക് പോയപ്പോൾ അവിടെ പ്രസവം നടക്കുകയും തുടർന്ന് നവജാത ശിശുവിനെ ക്ലോസറ്റിലിട്ട് ഫ്ലഷ് ചെയ്തതായും അന്വേഷണത്തിൽ കണ്ടെത്തി. യുവതി അവിവാഹിതയാണെന്നാണ് വിവരം.
ശുചിമുറിക്ക് സമീപം രക്തക്കറ കണ്ട ആശുപത്രി ജീവനക്കാർക്ക് സംശയം തോന്നിയതിനെ തുടർന്ന് യുവതിയെ ചോദ്യം ചെയ്തു. തുടർന്ന് ആശുപത്രി അധികൃതർ പൊലീസിനെയും ഫയർഫോഴ്സിനെയും വിവരം അറിയിച്ചു. ഫയർഫോഴ്സ് സെപ്റ്റിക് ടാങ്ക് തുറന്ന് കുഞ്ഞിനെ പുറത്തെടുത്തെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
സംഭവത്തിൽ മെഡിക്കൽ കോളേജ് പൊലീസ് കേസെടുത്ത് അന്വേഷണം പുരോഗമിക്കുകയാണ്. യുവതിക്കൊപ്പം മൂന്ന് യുവാക്കൾ ആശുപത്രിയിലെത്തിയിരുന്നുവെന്നും സംഭവത്തിന് പിന്നാലെ അവർ സ്ഥലംവിട്ടതായും പൊലീസ് പരിശോധിച്ചുവരികയാണ്.












