കോട്ടയം: സാമ്പത്തിക ക്രമക്കേടുകളെത്തുടർന്ന് കുമരകം ശ്രീകുമാരമംഗലം ദേവസ്വം സെക്രട്ടറി കെ.പി. ആനന്ദക്കുട്ടനെ സ്ഥാനത്തുനിന്ന് നീക്കം ചെയ്തു. ദേവസ്വം പ്രസിഡന്റ് എ.കെ. ജയപ്രകാശ്, വൈസ് പ്രസിഡന്റ് ടി.ബി. രഞ്ജിത്ത്, ട്രഷറർ പി.ജി. ചന്ദ്രൻ, മാനേജർ എസ്.വി. സുരേഷ്‌കുമാർ എന്നിവരാണ് ഇക്കാര്യം അറിയിച്ചത്. ഭരണസമിതിയുടെ നടപടിക്കെതിരെ ആനന്ദക്കുട്ടൻ മുൻസിഫ് കോടതിയെ സമീപിച്ചെങ്കിലും, ദേവസ്വത്തിന്റെ തീരുമാനം കോടതി ശരിവെക്കുകയായിരുന്നുവെന്ന് ഭാരവാഹികൾ വ്യക്തമാക്കി.
അടുത്ത മാസം 21 മുതൽ 28 വരെ ക്ഷേത്രോത്സവം നടക്കാനിരിക്കെ, ഉത്സവത്തിന് തടസ്സമാകുന്ന തരത്തിലുള്ള യാതൊരു പ്രവർത്തനങ്ങളും ഉണ്ടാകില്ലെന്ന് ഉറപ്പാക്കാൻ ദേവസ്വത്തിന്റെ അവകാശികളായ കുമരകത്തെ നാല് എസ്.എൻ.ഡി.പി ശാഖായോഗങ്ങളും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ, തന്നെ നീക്കം ചെയ്യാൻ ദേവസ്വം പൊതുയോഗത്തിന് മാത്രമേ അധികാരമുള്ളൂ എന്നും ഇതുവരെ പൊതുയോഗം ചേർന്നിട്ടില്ലെന്നും കെ.പി. ആനന്ദക്കുട്ടൻ പ്രതികരിച്ചു.




