ഹരിയാന: രാജ്യമെമ്പാടും ഹോളി ആഘോഷങ്ങൾ നടക്കുമ്പോൾ എല്ലാ വർഷവും മൃഗങ്ങളെ പീഡിപ്പിക്കുന്ന കേസുകളും റിപ്പോർട്ട് ചെയ്യപ്പെടാറുണ്ട്. ഇത്തവണ ഹരിയാനയിൽ നിന്നും അത്തരമൊരു സംഭവം പുറത്തുവന്നു. ഹരിയാനയിലെ ഹോളി ആഘോഷത്തിനിടെ മദ്യപിച്ച കുറച്ച് പേർ ചേർന്ന് ഒരു പശുവിനെ നിർബന്ധിച്ച് മദ്യം കുടിപ്പിക്കുകയും വലിച്ചിഴയ്ക്കുകയും ചെയ്യുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. ഉത്സവങ്ങളിൽ മൃഗങ്ങളെ ദുരുപയോഗം ചെയ്യുന്നതിനെക്കുറിച്ച് മൃഗ സ്നേഹികൾ ആശങ്കപ്പെടുന്നതിനിടെയിലാണ് ഇത്തരമൊരു സംഭവം സമൂഹ മാധ്യമങ്ങളിൽ വൈറലായത്.
ഒരു കൂട്ടം ആളുകൾ സഞ്ചരിച്ചിരുന്ന കാള വണ്ടി വലിച്ച് പോകുന്ന പശുവിനെ തടഞ്ഞ് നിർത്തി. അതിന്‍റെ വായിലേക്ക് മദ്യം കുപ്പിയിൽ നിന്നും നേരിട്ട് ഒഴിച്ച് കൊടുക്കുന്നു. രണ്ട് പേർ ചേർന്ന് പശുവിന്‍റെ വായ ബലമായി തുറന്ന് പിടിക്കുമ്പോൾ മൂന്നാമത്തെ ആൾ പശുവിന്‍റെ വായിലേക്ക് കുപ്പിയിൽ നിന്നും മദ്യം നേരിട്ട് ഒഴിച്ച് കൊടുക്കുന്നു. മറ്റുള്ളവർ ഇത് കണ്ട് പ്രോത്സാഹിപ്പിക്കുന്നതും വീഡിയോയിൽ കാണാം. സ്ട്രീറ്റ് ഡോഗ്സ് ഓഫ് ബോംബെ എന്ന ഇൻസ്റ്റാഗ്രാം പേജിൽ പോസ്റ്റ് ചെയ്ത ഒരു വീഡിയോ ഇതിനകം അഞ്ചര ലക്ഷത്തോളം പേർ കണ്ടു കഴിഞ്ഞു. തിന്മയുടെ മേൽ നന്മയുടെ വിജയത്തെ അടയാളപ്പെടുത്തുന്ന ഉത്സവമാണ് ഹോളി. അത്തരമൊരു ഉത്സവത്തിൽ മൃഗങ്ങൾക്കുനേരെയുള്ള മനുഷ്യത്വ രഹിതമായ ഇത്തരമൊരു പ്രവർത്തി വലിയ പ്രതിഷേധമാണ് സമൂഹ മാധ്യമങ്ങളിൽ ഉയർത്തിയത്.






