കണ്ണൂർ: രാഷ്ട്രീയ സംഘർഷക്കേസുകളിൽ സിപിഎം പ്രവർത്തകരെ വിളിച്ചുവരുത്തി വിരലടയാളം ഉൾപ്പെടെയുള്ള സ്വകാര്യ വിവരങ്ങൾ പൊലീസ് ശേഖരിക്കുന്നുവെന്ന ആരോപണവുമായി സിപിഎം ജില്ലാ നേതൃത്വം. ശ്രീകണ്ഠപുരത്ത് സിപിഎം-കോൺഗ്രസ് സംഘർഷവുമായി ബന്ധപ്പെട്ട കേസുകളിലാണ് പൊലീസ് നടപടി. യുഡിഎഫ് സർക്കാരിന്റെ രാഷ്ട്രീയ തീരുമാനത്തിന്റെ ഭാഗമാണോ ഇത്തരം നടപടികളെന്ന് സിപിഎം ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് ചോദിച്ചു.
ഗുരുതര കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരോട് സ്വീകരിക്കുന്ന സമീപനമാണ് പൊലീസ് സിപിഎം പ്രവർത്തകരോട് സ്വീകരിക്കുന്നതെന്നാണ് ജില്ലാ സെക്രട്ടറിയുടെ ആരോപണം. അടിപിടി കേസുകളിൽ ഉൾപ്പെട്ട പാർട്ടി പ്രവർത്തകരെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി വിരലടയാളം ശേഖരിക്കുന്നതിനൊപ്പം കണ്ണിന്റെ ഉൾപ്പെടെയുള്ള ബയോമെട്രിക് വിവരങ്ങളും ശേഖരിക്കുന്നുണ്ടെന്ന് സിപിഎം ആരോപിച്ചു.
പൊലീസിന്റെ നടപടി കാടത്തമാണെന്നും രാഷ്ട്രീയ സംഘർഷങ്ങളുടെ പേരിൽ പ്രവർത്തകരുടെ സ്വകാര്യ വിവരങ്ങൾ ശേഖരിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും സിപിഎം കണ്ണൂർ ജില്ലാ നേതൃത്വം വ്യക്തമാക്കി.
അതേസമയം, നിയമപരമായ നടപടിക്രമങ്ങളുടെ ഭാഗമായാണ് വിവരശേഖരണമെന്നാണ് പൊലീസിന്റെ വിശദീകരണം. ഗുരുതര സ്വഭാവമുള്ള കേസുകളിലെ പ്രതികളെയാണ് വിവരശേഖരണത്തിനായി വിളിച്ചുവരുത്തിയതെന്നും പൊലീസ് വ്യക്തമാക്കി.
പൊലീസിന്റെ നടപടിക്കെതിരെ സിപിഎം രംഗത്തെത്തിയതോടെ ശ്രീകണ്ഠപുരത്തെ രാഷ്ട്രീയ സംഘർഷക്കേസുകളുമായി ബന്ധപ്പെട്ട വിവാദം കൂടുതൽ ശക്തമായിരിക്കുകയാണ്.


