പെരിന്തൽമണ്ണ മണ്ഡലത്തിൽ സിപിഎമ്മിനെ ഞെട്ടിച്ചു കൊണ്ടായിരുന്നു മുസ്ലീംലീഗ് നേതാവ് നജീബ് കാന്തപുരത്തിന്റെ ആധികാരിക വിജയം. പെരിന്തൽമണ്ണ കഴിഞ്ഞതവണ കൈവിട്ടു പോകുമെന്ന് സിപിഎം കരുതിയതേയില്ല. സംസ്ഥാനത്തെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷം ആയിരുന്നു നജീബിന് ലഭിച്ചിരുന്നത്. കേവലം 35 വോട്ടുകൾക്ക് മാത്രമായിരുന്നു നജീബിന്റെ വിജയം. തന്റെ ഭൂരിപക്ഷം കുറഞ്ഞത് മുന്നോട്ടുള്ള പ്രയാണത്തിൽ നജീബിന് കൂടുതൽ കരുത്ത് പകരുകയായിരുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ എല്ലാ കണക്കുകൂട്ടലുകളെയും തെറ്റിച്ച് വിജയം നേടി എന്ന് മാത്രമല്ല, വിജയത്തിന് ശേഷവും സമാനതകളില്ലാത്ത പ്രവർത്തനങ്ങളാണ് നജീബ് കാന്തപുരം എംഎൽഎ മണ്ഡലത്തിൽ നടത്തിവരുന്നത്.
ഓരോ വീട്ടിലും ഒരു സർക്കാർ ഉദ്യോഗസ്ഥൻ എന്ന ലക്ഷ്യമുയർത്തി എംഎൽഎ തയ്യാറാക്കിയ ക്രിയ പദ്ധതിയ്ക്ക് വലിയ സ്വീകാര്യതയാണ് ഉള്ളത്. ക്രിയ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി പെരിന്തല്‍മണ്ണയില്‍ സിവില്‍ സര്‍വ്വീസസ് അക്കാദമി പോലും അദ്ദേഹം സ്ഥാപിക്കുകയുണ്ടായി. സിവില്‍ സര്‍വ്വീസ് തല്പരരായ നൂറു വിദ്യാര്‍ത്ഥികള്‍ക്കാണ് ഓരോ വര്‍ഷവും പ്രവേശനം നല്‍കുന്നത്. പാലക്കാട്, തൃശൂര്‍, മലപ്പുറം, കോഴിക്കോട് , വയനാട്, കണ്ണൂര്‍, കാസര്‍ക്കോട് ജില്ലകളില്‍ നിന്നുള്ളവരില്‍ നിന്ന് എഴുത്ത് പരീക്ഷ ഇന്റര്‍വ്യൂ എന്നിവ നടത്തി മികവ് പുലര്‍ത്തുന്നവര്‍ക്കാണ് പ്രവേശനം നല്‍കുന്നത്. എസ്.സി., എസ്.ടി., മുസ്ലിം ന്യൂനപക്ഷ വിഭാഗങ്ങള്‍, അംഗ പരിമിതര്‍, ട്രാന്‍സ് ജെന്റര്‍ വിഭാഗങ്ങള്‍ക്ക് വെയ്റ്റേജ് നല്‍കുന്നുണ്ട്.
പെരിന്തല്‍മണ്ണ നിയോജകമണ്ഡലത്തിലെ വിദ്യാര്‍ത്ഥികള്‍ക്കും മലപ്പുറം ജില്ലയില്‍ നിന്നുള്ളവര്‍ക്കും പരിശീലനം സമ്പൂർണ്ണമായും സൗജന്യമാണ്. ഇവിടെ പഠിച്ച വിദ്യാർഥികൾക്ക് ഐഎഎസ് ലഭിച്ചതും പദ്ധതിക്ക് കൂടുതൽ സ്വീകാര്യത നൽകുന്നതായിരുന്നു. എന്നാൽ എംഎൽഎയുടെ ഇത്തരം പ്രവർത്തനങ്ങൾ സിപിഎമ്മിനെ കൂടുതൽ വെപ്രാളം പിടിപ്പിക്കുന്നതായിരുന്നു. ഏതു വിധേനയും എംഎൽഎ തകർക്കുകയെന്ന ലക്ഷ്യത്തിന് പിന്നാലെയായി പിന്നീട് പെരിന്തൽമണ്ണയിലെ സഖാക്കൾ. തെരഞ്ഞെടുപ്പ് ഫലം പോലും കോടതി വരാന്ത കയറിയിറങ്ങി. അപ്പോഴും അന്തിമ വിജയം നജീബിന് ഒപ്പം തന്നെയായിരുന്നു. നജീബിന്റെ വിജയം ചോദ്യം ചെയ്ത് ഇടതു സ്ഥാനാര്‍ത്ഥി കെപി മുഹമ്മദ് മുസ്തഫ നല്കിയ ഹര്‍ജി ഹൈക്കോടതി തള്ളുകയായിരുന്നു.






