മലപ്പുറം: കൂട്ടിലങ്ങാടി പെരുന്താട്ടിരിയിൽ വിവാഹം മുടങ്ങിയതിനെ തുടർന്ന് സംഘർഷം. കുളപ്പറമ്പ് സ്വദേശിയായ പെൺകുട്ടിയുടെ ബന്ധുക്കളും പെരുന്താട്ടിരി സ്വദേശിയായ യുവാവിന്റെ കുടുംബവും തമ്മിലാണ് തർക്കം ഉണ്ടായത്.
കുളപ്പറമ്പ് സ്വദേശിയായ പെൺകുട്ടിയുടെയും പെരുന്താട്ടിരി സ്വദേശിയായ യുവാവിന്റെയും വിവാഹം ഏതാനും ദിവസങ്ങൾക്ക് മുമ്പ് നിശ്ചയിച്ചിരുന്നുവെന്നാണ് വിവരം. പിന്നീട് വിവാഹം മുടങ്ങുകയായിരുന്നു. ഇതിനെ തുടർന്ന് പെൺകുട്ടിയുടെ വീട്ടുകാർ യുവാവിന്റെ വീട്ടിലെത്തി പരാതി ഉന്നയിച്ചതായി പറയുന്നു.
വിവാഹം മുടക്കിയെന്നാരോപിച്ച് നടന്ന വാക്കുതർക്കത്തിനിടെയാണ് യുവാവും സുഹൃത്തുക്കളും ചേർന്ന് പെൺകുട്ടിയുടെ ബന്ധുക്കളെ ആക്രമിച്ചതെന്നാണ് വിവരം. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്.
ആക്രമണത്തിൽ പെൺകുട്ടിയുടെ മാതാവിനും സഹോദരിക്കും ഉൾപ്പെടെ മർദനമേറ്റതായി റിപ്പോർട്ടുണ്ട്. സംഭവത്തെ തുടർന്ന് പെൺകുട്ടിയുടെ കുടുംബം മലപ്പുറം പൊലീസിൽ പരാതി നൽകി. ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്.






