തിരുവനന്തപുരം: കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ മുൻ ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ കെഎസ്‌യു പ്രവർത്തകർ പ്രതിഷേധിക്കുകയും ആക്രമിക്കുകയും ചെയ്തെന്ന കേസിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് സർക്കാർ ഉത്തരവിറക്കി. കെഎപി നാലാം ബറ്റാലിയൻ കമാൻഡന്റ് യു. പ്രേമൻ, കണ്ണൂർ എസിപി എം.പി. ആസാദ് എന്നിവരുടെ നേതൃത്വത്തിലാണ് എട്ട് അംഗ അന്വേഷണ സംഘം.
റെയിൽവേ ഇൻസ്പെക്ടർ ജി.എസ്. സജിയാണ് അന്വേഷണ ഉദ്യോഗസ്ഥൻ. മൂന്ന് എസ്‌ഐമാരും രണ്ട് എഎസ്‌ഐമാരും സംഘത്തിലുണ്ട്. അന്വേഷണ സംഘം ഉടൻ യോഗം ചേർന്ന് തുടർനടപടികൾ തീരുമാനിക്കും.
കേസിൽ മുൻ മന്ത്രി വീണാ ജോർജിന്റെയും ഗൺമാന്റെയും മൊഴി പുതിയ അന്വേഷണ സംഘം രേഖപ്പെടുത്തും. കെഎസ്‌യു പ്രവർത്തകർക്കെതിരെ വധശ്രമം ഉൾപ്പെടെയുള്ള ഗുരുതര വകുപ്പുകൾ ചുമത്തിയതിന് പിന്നിൽ ഉന്നതതല ഗൂഢാലോചന നടന്നെന്ന കെഎസ്‌യുവിന്റെ ആരോപണവും അന്വേഷണ പരിധിയിൽ വരും.
മുൻ സർക്കാരിന്റെ കാലത്ത് ഏറെ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ച കേസിലാണ് ഇപ്പോൾ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരിക്കുന്നത്. ആഭ്യന്തര വകുപ്പാണ് എസ്‌ഐടി അന്വേഷണത്തിന് ഉത്തരവിട്ടത്. കണ്ണൂർ എംഎൽഎ ടി.ഒ. മോഹനൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. കേസ് കെട്ടിച്ചമച്ചതാണെന്നായിരുന്നു എംഎൽഎയുടെ പ്രധാന ആരോപണം.
ഈ വർഷം ഫെബ്രുവരി 25നാണ് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ അന്നത്തെ ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ കെഎസ്‌യു പ്രവർത്തകർ പ്രതിഷേധിച്ചത്. കെഎസ്‌യു ജില്ലാ പ്രസിഡന്റ് ഉൾപ്പെടെ അഞ്ച് പേർക്കെതിരെയാണ് ആദ്യം കേസെടുത്തത്.
വധശ്രമം ഉൾപ്പെടെയുള്ള ഗുരുതര വകുപ്പുകൾ ആദ്യം ചുമത്തിയിരുന്നെങ്കിലും പിന്നീട് ഇവ ഒഴിവാക്കി. മാരകായുധങ്ങൾ ഉപയോഗിച്ച് ആക്രമിച്ചെന്നായിരുന്നു ആദ്യഘട്ടത്തിലെ മൊഴി. എന്നാൽ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള തെളിവുകൾ പരിശോധിച്ച അന്വേഷണത്തിൽ മാരകായുധങ്ങൾ ഉപയോഗിച്ചിട്ടില്ലെന്ന് കണ്ടെത്തുകയായിരുന്നു.












