കോഴിക്കോട്: സ്ത്രീവിരുദ്ധ പരാമർശവുമായി ബന്ധപ്പെട്ട വിവാദത്തിൽ നിലപാട് വിശദീകരിക്കാൻ സമസ്ത എ.പി വിഭാഗം നേതാവ് കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ. നാളെ കോഴിക്കോട് നടക്കുന്ന മീലാദ് സമ്മേളനത്തിൽ മുഖ്യമന്ത്രിയുടേതടക്കമുള്ള വിമർശനങ്ങൾക്ക് കാന്തപുരം മറുപടി നൽകും. വിവാദ പ്രസ്താവനയിൽ വ്യക്തത വരുത്തുമെന്നും സൂചനയുണ്ട്.
ഇന്നലെ തൃശൂരിൽ നടന്ന ജില്ലാ മീലാദ് കോൺഫറൻസിൽ കാന്തപുരം നിലപാട് മയപ്പെടുത്തിയിരുന്നു. സ്ത്രീകളെ കുഴിച്ചുമൂടണമെന്ന് പറയുന്നവരല്ല തങ്ങളെന്നും ഇസ്ലാം അത്തരമൊരു നിലപാട് മുന്നോട്ടുവയ്ക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീകൾക്ക് രണ്ടാം സ്ഥാനം നൽകുന്നു എന്ന വിമർശനവും കാന്തപുരം തള്ളി.
പെൺകുട്ടികൾക്കായി മാത്രമായി മദ്രസകളും സ്കൂളുകളും ഉൾപ്പെടെ നിരവധി സ്ഥാപനങ്ങൾ കേരളത്തിൽ നടത്തുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും പ്രത്യേകം സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്. അനാഥരായ പെൺകുട്ടികളെ സംരക്ഷിക്കുന്നതിനൊപ്പം ഭക്ഷണം, വസ്ത്രം, മരുന്ന് എന്നിവ സൗജന്യമായി നൽകുന്നുണ്ടെന്നും കാന്തപുരം വ്യക്തമാക്കി.
നബിദിനാഘോഷങ്ങളിൽ സ്ത്രീകളെ പങ്കെടുപ്പിച്ചതുമായി ബന്ധപ്പെട്ട വിമർശനങ്ങൾക്ക് പിന്നാലെ മഹല്ലുകൾക്കും മദ്രസകൾക്കും കാന്തപുരം നൽകിയ നിർദേശമാണ് വിവാദമായത്. അന്യപുരുഷന്മാർക്കിടയിൽ വേദികളിലോ പൊതുസ്ഥലങ്ങളിലോ സ്ത്രീകളെ കൊണ്ടുവരരുതെന്നും ആഘോഷങ്ങൾ അതിരുകടക്കുന്നത് തടയണമെന്നും നിർദേശത്തിലുണ്ടായിരുന്നു.
പ്രസ്താവനയ്ക്കെതിരെ ഇടതുപക്ഷ സംഘടനകളാണ് ആദ്യം രംഗത്തെത്തിയത്. സ്ത്രീകൾ പൊതുവേദികളിൽ എത്തുന്നതിനെ ‘പ്രദർശനം’ എന്ന് വിശേഷിപ്പിക്കുന്നത് സ്ത്രീവിരുദ്ധതയും അസഹിഷ്ണുതയുമാണെന്ന് എസ്.എഫ്.ഐ പ്രതികരിച്ചു. കാന്തപുരത്തിന്റെ പ്രസ്താവന സ്ത്രീവിരുദ്ധവും കാലഘട്ടത്തിന് നിരക്കാത്തതുമാണെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടേറിയറ്റും വിമർശിച്ചു.
കാന്തപുരത്തിന്റെ നിലപാടിനെ തള്ളി മുഖ്യമന്ത്രി വി.ഡി സതീശനും രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രിയുടെ വിമർശനം പദവിക്ക് യോജിച്ചതല്ലെന്ന് എ.പി വിഭാഗം എസ്.വൈ.എസ് സംസ്ഥാന ജനറൽ സെക്രട്ടറി റഹ്മത്തുള്ള സഖാഫി എളമരം പ്രതികരിച്ചു. പ്രസ്താവന പിൻവലിച്ച് മുഖ്യമന്ത്രി മുസ്ലിം സമൂഹത്തോട് മാപ്പ് പറയണമെന്നും കേരള മുസ്ലിം ജമാഅത്ത് ആവശ്യപ്പെട്ടു.
അതേസമയം, കാന്തപുരത്തിന്റെ പ്രസ്താവനയെച്ചൊല്ലി ഇടതുമുന്നണിയിലും ഭിന്നാഭിപ്രായം ഉയർന്നു. കെ.ടി ജലീൽ, ടി.കെ ഹംസ, ഐ.എൻ.എൽ നേതാക്കൾ എന്നിവർ കാന്തപുരത്തെ പിന്തുണച്ചപ്പോൾ സി.പി.എം നേതാവ് പാലോളി മുഹമ്മദ് കുട്ടി കാന്തപുരത്തെയും മുസ്ലിം ലീഗിനെയും വിമർശിച്ചു. കാന്തപുരത്തെ പിന്തുണച്ച ലീഗ് നേതാക്കൾക്കെതിരെ സി.പി.ഐ നേതാവ് ആനി രാജയും സി.പി.എം നേതാവ് പി.കെ ശ്രീമതിയും രംഗത്തെത്തി.


