ആലപ്പുഴ: ചുനക്കര കോമല്ലൂരിൽ പ്രവർത്തിച്ചിരുന്ന സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ പൊതുജനങ്ങളിൽനിന്ന് പണയമായി സ്വീകരിച്ച സ്വർണം തിരിമറി നടത്തി കോടികൾ തട്ടിയെടുത്ത കേസിൽ സ്ഥാപന ഉടമ അറസ്റ്റിൽ. കേസിലെ ഒന്നാം പ്രതിയും ശ്രീലകം ഫിനാൻസ് ഉടമയുമായ ഭരണിക്കാവ് വില്ലേജിലെ മഞ്ചാടിത്തറ മുറിയിൽ മൂന്നാം വാർഡിൽ വലിയവീട്ടിൽ രാധാകൃഷ്ണ പിള്ള (58) ആണ് അറസ്റ്റിലായത്.
രാധാകൃഷ്ണ പിള്ള, സ്ഥാപനത്തിലെ ജീവനക്കാരനായ ടിനു തമ്പാൻ, പൊതുപ്രവർത്തകനായ രാഹുൽ രാധാകൃഷ്ണൻ എന്നിവർ ചേർന്ന് ഉപഭോക്താക്കൾ പണയംവെച്ച സ്വർണാഭരണങ്ങളിൽ തിരിമറി നടത്തി കോടികൾ തട്ടിയെടുത്തെന്നാണ് കേസ്.
കുറത്തികാട് എസ്.എച്ച്.ഒ വി. ഉദയകുമാർ, എ.എസ്.ഐ സജുമോൾ, എസ്.സി.പി.ഒ സുന്ദരേശൻ, സി.പി.ഒ ശ്യാംകുമാർ എന്നിവരടങ്ങിയ പോലീസ് സംഘമാണ് രാധാകൃഷ്ണ പിള്ളയെ അറസ്റ്റ് ചെയ്തത്.
മാവേലിക്കര കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കേസിൽ മറ്റ് പ്രതികളുടെ പങ്കും പണയസ്വർണം സംബന്ധിച്ച ഇടപാടുകളും ഉൾപ്പെടെ പോലീസ് അന്വേഷണം തുടരുകയാണ്.


