തിരുവനന്തപുരം: ഒന്നിലധികം ബലാത്സംഗ കേസുകളിൽ പ്രതിയായ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്റെ അയോഗ്യത സംബന്ധിച്ച് ഇന്ന് നിർണായക തീരുമാനം. രാഹുലിനെ എംഎൽഎ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് ഡി.കെ. മുരളി നൽകിയ പരാതിയാണ് ഇന്ന് ചേരുന്ന നിയമസഭയുടെ പ്രിവിലേജ് ആൻഡ് എത്തിക്സ് കമ്മിറ്റി പരിഗണിക്കുന്നത്.
ഡി.കെ. മുരളിയുടെയും രാഹുലിന്റെയും വാദങ്ങൾ കേട്ട ശേഷമായിരിക്കും കമ്മിറ്റി തീരുമാനത്തിലെത്തുക. നിരന്തരം ക്രിമിനൽ കേസുകളിൽ പ്രതിയായതിനാൽ രാഹുലിനെ അയോഗ്യനാക്കണമെന്ന് പരാതിക്കാരൻ ആവശ്യപ്പെടുന്നു. അതേസമയം, രാഹുലിന്റെ വിശദീകരണം കൂടി കേട്ടശേഷം മാത്രമേ നടപടിയുണ്ടാകൂവെന്ന് കമ്മിറ്റി വ്യക്തമാക്കി. നടപടിക്രമങ്ങൾ സങ്കീർണ്ണമായതിനാൽ നിലവിലെ സഭാസമ്മേളനം അവസാനിക്കുന്നതിന് മുൻപ് അന്തിമ തീരുമാനമുണ്ടാകാനുള്ള സാധ്യത കുറവാണെന്നും സൂചനയുണ്ട്.
നിയമസഭയുടെ പെരുമാറ്റച്ചട്ടവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളിൽ, തുടർച്ചയായി പീഡനക്കേസുകളിൽ പ്രതിയായ എംഎൽഎയെ അയോഗ്യനാക്കാനുള്ള വ്യവസ്ഥ ഉൾപ്പെട്ടിട്ടുണ്ടെന്ന് വ്യക്തമാക്കുന്നു. സ്പീക്കർ പരാതി പരിഗണിച്ച് പ്രിവിലേജ് ആൻഡ് എത്തിക്സ് കമ്മിറ്റിയുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ സഭയ്ക്ക് എംഎൽഎയെ അയോഗ്യനാക്കാൻ അധികാരമുണ്ട്. എന്നാൽ ഈ സർക്കാരിന്റെ അവസാന സഭാസമ്മേളനത്തിനുള്ളിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കുക വെല്ലുവിളിയായിരിക്കുമെന്നാണ് വിലയിരുത്തൽ.
രാഹുലുമായുള്ള ബന്ധം അവസാനിപ്പിച്ചെന്ന് കോൺഗ്രസ് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും, അയോഗ്യതാ നീക്കത്തിൽ പാർട്ടിക്കുള്ളിൽ ആശയക്കുഴപ്പങ്ങളുണ്ടെന്നാണ് സൂചന. സർക്കാർ ഭാഗത്ത് നിന്ന് അയോഗ്യതാ നടപടിയുണ്ടായാൽ രാഷ്ട്രീയതലത്തിൽ തീരുമാനം എടുക്കാനാണ് കോൺഗ്രസിന്റെ നിലപാട്. സമാന കേസുകളിൽ നേരത്തെ അറസ്റ്റിലായ മറ്റ് എംഎൽഎമാരുടെ വിഷയവും ചില കോൺഗ്രസ് നേതാക്കൾ ഉന്നയിക്കുന്നുണ്ട്.






