പകുതി വിലയ്ക്ക് സ്കൂട്ടർ വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ പിടിയിലായ അനന്തുകൃഷ്‌ണന്റെ പേരിൽ സംസ്ഥാനത്ത് ഇതുവരെ പൊലീസിനു ലഭിച്ചത് 3600 പരാതികള്‍. തട്ടിപ്പുമായി ബന്ധപ്പെട്ട് 72 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വിവിധ പൊലീസ് സ്റ്റേഷനുകളില്‍ അനന്തുവിനെതിരെ കൂടുതല്‍ പരാതികള്‍ ലഭിക്കുന്നുണ്ട്. കൂടാതെ അനന്തുവിന്റെ പേരിൽ 19 ബാങ്ക് അക്കൗണ്ടുകൾ ഉള്ളതായും പോലീസ് കണ്ടെത്തി.
അനന്തുവിന്റെ നാല് ബാങ്ക് അക്കൗണ്ടുകള്‍ പൊലീസ് മരവിപ്പിച്ചിരുന്നു. അതില്‍ എട്ടുകോടി രൂപയുണ്ടായിരുന്നു. തട്ടിച്ച പണം എവിടെ എങ്ങനെയൊക്കെ ഇയാള്‍ നിക്ഷേപിച്ചെന്ന് കണ്ടെത്തേണ്ടതുണ്ട്. ഏകദേശം 500 കോടിയുടെ തട്ടിപ്പ് നടന്നുവെന്നാണ് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തില്‍ ആഭ്യന്തര വകുപ്പിന്റെ പ്രാഥമിക വിലയിരുത്തല്‍.
സംസ്ഥാനത്തുടനീളം 40,000 വാഹനങ്ങള്‍ നല്‍കുന്നതിനായി പകുതി വിലയായ 60,000 രൂപ വീതം അനന്തു കൈപ്പറ്റിയിട്ടുണ്ടെന്ന് ആദ്യഘട്ട ചോദ്യം ചെയ്യലില്‍ പൊലീസിന് വിവരം ലഭിച്ചു. ഇതുമാത്രം 240 കോടിയോളം രൂപ വരുമെന്നാണ് കണക്കാക്കുന്നത്.അതേസമയം അനന്തുവിനെ ഇന്ന് കൊച്ചിയിലെ ഓഫിസുകളിലും ഫ്ലാറ്റുകളിലുമെത്തിച്ച് തെളിവെടുപ്പ് നടത്തിയേക്കും.






