തൃശ്ശൂർ: കാലടി– മലയാറ്റൂർ– അതിരപ്പിള്ളി– കൊടുങ്ങല്ലൂർ– അഴിക്കോട്– മുസിരിസ്– തിരുമൂഴിക്കുളം സാംസ്കാരിക– തീർത്ഥാടന– പ്രകൃതി ടൂറിസം സർക്യൂട്ട് കേന്ദ്ര പദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് ബെന്നി ബഹനാന്‍ എം പി പാർലമെന്‍റിൽ ആവശ്യപ്പെട്ടു.
കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട സാംസ്കാരിക, ആത്മീയ, പൈതൃക, പ്രകൃതിടൂറിസം കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന കാലടി–മലയാറ്റൂർ–അതിരപ്പിള്ളി–കൊടുങ്ങല്ലൂർ–അഴിക്കോട്–മുസിരിസ്–തിരുമൂഴിക്കുളം സംയോജിത ടൂറിസം സർക്യൂട്ട് കേന്ദ്ര സർക്കാരിന്‍റെ സ്പെഷ്യല്‍ ടൂറിസം സര്‍ക്യൂട്ട് സ്കീമിൽ ഉൾപ്പെടുത്തണമെന്ന് ബെന്നി ബഹനാന്‍ എം പി പാർലമെന്‍റിൽ ഉന്നയിച്ചു.
ആദിശങ്കരാചാര്യരുടെ ജന്മഭൂമിയായ കാലടി, വിശുദ്ധ തോമസ് അപ്പസ്തോലന്‍റെ തീർത്ഥാടന കേന്ദ്രമായ മലയാറ്റൂർ, ലോകപ്രശസ്തമായ അതിരപ്പിള്ളി വെള്ളച്ചാട്ടം, കൊടുങ്ങല്ലൂർ ദേവീക്ഷേത്രം, അഴിക്കോട് ബീച്ച്, ചരിത്രപ്രാധാന്യമുള്ള മുസിരിസ് പൈതൃക മേഖല, തിരുമൂഴിക്കുളം ലക്ഷ്മണ ക്ഷേത്രം എന്നിവയെ ഒരൊറ്റ ടൂറിസം ശൃംഖലയായി ബന്ധിപ്പിക്കുന്നതാണ് ഈ സർക്യൂട്ട്.
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം മുഖ്യ പ്രവേശന കവാടമായ സാഹചര്യത്തിലും ദേശീയപാതകൾ (NH-544 /NH-66) തമ്മിലുള്ള മികച്ച ഏകോപനം, റെയിൽ കണക്ടിവിറ്റി, ടൂറിസ്റ്റ് ഷട്ടിൽ സർവീസുകൾ, പാർക്കിംഗ്, ശുചിത്വം, മാലിന്യസംസ്കരണം, വഴികാട്ടി സംവിധാനങ്ങൾ, പൈതൃക സംരക്ഷണം എന്നിവയിൽ അടിയന്തര വികസനം അനിവാര്യമാണ്.
പ്രസാദ് / സ്വദേശ് ദര്‍ശന്‍ പദ്ധതികളുടെ ഭാഗമായി ഈ ടൂറിസം സർക്യൂട്ടിന് കേന്ദ്ര അംഗീകാരം നൽകാനും, കേന്ദ്ര ധനസഹായം അനുവദിക്കാനും, നാഷണല്‍ അതോറിറ്റി ഓഫ് ഇന്ത്യ, കേന്ദ്രഗതാഗത മന്ത്രാലയം, കൊച്ചിന്‍ ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ട്, റെയില്‍വേ എന്നിവരുമായി ഏകോപിപ്പിച്ച് പദ്ധതി വേഗത്തിൽ നടപ്പാക്കാനും കേന്ദ്ര ടൂറിസം മന്ത്രാലയം അടിയന്തര നടപടി സ്വീകരിക്കണമെന്ന് എം പി ആവശ്യപ്പെട്ടു.




