തിരുവനന്തപുരം: കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് നൽകുന്ന സൗജന്യ യാത്രാ പദ്ധതിക്കെതിരെ ഓൾ കേരള മെൻസ് അസോസിയേഷൻ രംഗത്ത്. പദ്ധതി ആരംഭിക്കുന്ന ജൂൺ 15ന് സെക്രട്ടറിയേറ്റിന് മുന്നിൽ പ്രതിഷേധം സംഘടിപ്പിക്കുമെന്നും ബസുകൾ തടയുമെന്നും സംഘടന പ്രഖ്യാപിച്ചു. കൂടാതെ, ബസുകളിൽ കയറി ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്യുമെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച വീഡിയോയിൽ പറയുന്നു.
“പുരുഷനായി ജനിച്ചതിനാൽ നീതി ലഭിക്കുന്നില്ല” എന്നും “പുരുഷന്മാരും വോട്ട് ബാങ്കാണ്” എന്നും സംഘടനയുടെ പ്രസിഡൻറ് വട്ടിയൂർക്കാവ് അജിത് കുമാർ ആരോപിച്ചു. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് മാത്രം സൗജന്യ യാത്ര നൽകുന്നതിൽ പ്രശ്നമില്ലെന്നും, എന്നാൽ ഉയർന്ന വരുമാനമുള്ളവർക്കും സൗജന്യം നൽകുന്നത് അന്യായമാണെന്നും അദ്ദേഹം പ്രതികരിച്ചു.
അതേസമയം, സംസ്ഥാന സർക്കാർ അവതരിപ്പിക്കുന്ന ‘പ്രിയദർശിനി’ പദ്ധതി ഇന്ദിര ഗ്യാരണ്ടി പദ്ധതിയുടെ ഭാഗമായാണ് നടപ്പാക്കുന്നത്. ജൂൺ 15 മുതലാണ് ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് വരുമാനമോ പ്രായമോ പരിഗണിക്കാതെ സൗജന്യ യാത്ര ലഭ്യമാകുന്നത്.
പദ്ധതി നടപ്പിലാക്കുന്നതോടെ കെഎസ്ആർടിസിക്ക് പ്രതിമാസം 65–70 കോടി രൂപയും വാർഷികമായി 750–800 കോടി രൂപയും വരുമാന നഷ്ടമുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. ഈ തുക സർക്കാർ കെഎസ്ആർടിസിക്ക് നൽകും. നിലവിലെ ശമ്പള–പെൻഷൻ സഹായത്തിന് പുറമേയായിരിക്കും ഈ അധിക ധനസഹായം.
അടുത്ത ആറുമാസത്തിനുള്ളിൽ വരുമാനം വർധിപ്പിക്കാൻ കെഎസ്ആർടിസിക്ക് നിർദേശം നൽകിയിട്ടുണ്ട്. കൂടുതൽ സർവീസുകൾ, പുതിയ വാഹനങ്ങൾ, പരസ്യ വരുമാനം വർധിപ്പിക്കൽ തുടങ്ങിയ നടപടികൾ സ്വീകരിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടാൽ പദ്ധതിയുടെ രണ്ടാംഘട്ടം പരിഗണിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.






