ആലുവ: എറണാകുളം ആലുവയിൽ നിന്ന് കാണാതായ 12 വയസുകാരിക്കായുള്ള തിരച്ചിൽ നാലാം ദിവസവും തുടരുന്നു. മൊബൈൽ ഫോൺ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഇതുവരെ പുരോഗതി ഉണ്ടായിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.
കാണാതാകുമ്പോൾ കുട്ടിയുടെ കൈവശമുണ്ടായിരുന്ന അമ്മയുടെ മൊബൈൽ ഫോൺ ഇടയ്ക്കിടെ ഓണാകുകയും തുടർന്ന് വീണ്ടും ഓഫാകുകയും ചെയ്തതായി അന്വേഷണത്തിൽ കണ്ടെത്തി. ആദ്യം കാസർകോട്, പിന്നീട് മംഗളൂരു, തുടർന്ന് മുംബൈ എന്നിവിടങ്ങളിലാണ് ഫോൺ ലൊക്കേഷൻ രേഖപ്പെടുത്തിയതെന്നാണ് വിവരം. ഇതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം കേരളത്തിന് പുറത്തേക്കും വ്യാപിപ്പിച്ചിട്ടുണ്ട്.
ശനിയാഴ്ച രാവിലെ കൂട്ടുകാരിയുടെ വീട്ടിൽ നിന്ന് പുസ്തകം വാങ്ങാനായി ഇറങ്ങിയ കുട്ടി പിന്നീട് വീട്ടിലേക്ക് മടങ്ങിയെത്തിയില്ല. വൈകുന്നേരമായിട്ടും കുട്ടിയെ കണ്ടെത്താനാകാതെ വന്നതോടെ കുടുംബം പൊലീസിൽ പരാതി നൽകുകയായിരുന്നു.
കുട്ടി സഞ്ചരിച്ചിരിക്കാമെന്ന് കരുതുന്ന വഴികളിലെ സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കാൻ ശ്രമിച്ചെങ്കിലും നിർണായക ദൃശ്യങ്ങൾ ലഭിച്ചിട്ടില്ല. ഫോൺ ഇടയ്ക്കിടെ സ്വിച്ച് ഓഫാകുന്നത് അന്വേഷണത്തിന് വെല്ലുവിളിയാകുന്നുണ്ടെന്നും, ഒന്നിലധികം പൊലീസ് സംഘങ്ങളെ അന്വേഷണത്തിനായി നിയോഗിച്ചിട്ടുണ്ടെന്നും ആലുവ വെസ്റ്റ് പൊലീസ് അറിയിച്ചു.
അതേസമയം, അന്വേഷണത്തിന്റെ പുരോഗതിയെക്കുറിച്ച് വേണ്ടത്ര വിവരങ്ങൾ പങ്കുവയ്ക്കുന്നില്ലെന്നാണ് കുടുംബത്തിന്റെ ആരോപണം. കുട്ടിയെ എത്രയും വേഗം കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കിയിട്ടുണ്ടെന്നും എല്ലാ സാധ്യതകളും പരിശോധിച്ചുവരികയാണെന്നും പൊലീസ് അറിയിച്ചു.











