മലപ്പുറം: പ്രിയദർശിനി ബസുകളിൽ യാത്രക്കാരികളിൽ നിന്ന് സ്വർണമാല മോഷണം പോയി. കോഴിക്കോട്–പാലക്കാട് റൂട്ടിലോടുന്ന ബസിൽ നിന്നും പെരിന്തൽമണ്ണ–കോഴിക്കോട് റൂട്ടിലോടുന്ന മറ്റൊരു ബസിൽ നിന്നുമാണ് സ്വർണമാലകൾ നഷ്ടമായത്.
കോഴിക്കോട്–പാലക്കാട് റൂട്ടിലെ ബസിൽ യാത്ര ചെയ്ത സ്ത്രീയുടെ 2 പവൻ സ്വർണമാലയും, പെരിന്തൽമണ്ണയിൽ നിന്ന് കോഴിക്കോട്ടേക്ക് പോയ ബസിലെ യാത്രക്കാരിയുടെ 3 പവൻ തൂക്കമുള്ള താലിമാലയുമാണ് മോഷണം പോയത്. ബസിലെ തിരക്ക് മുതലെടുത്താണ് മോഷണം നടന്നതെന്നാണ് സംശയം.
പരാതി ലഭിച്ചതിനെ തുടർന്ന് പൊലീസ് ബസുകളിൽ പരിശോധന നടത്തിയെങ്കിലും മോഷണം പോയ ആഭരണങ്ങൾ കണ്ടെത്താനായില്ല. സംഭവങ്ങളിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
ഇതിനിടെ, കഴിഞ്ഞ ആഴ്ച കോഴിക്കോട്–തിരുവമ്പാടി റൂട്ടിലോടുന്ന പ്രിയദർശിനി ബസിലും മോഷണം നടന്നിരുന്നു. അതിഥി തൊഴിലാളിയുടെ 15,000 രൂപയാണ് അന്ന് നഷ്ടമായത്.
ബസ് കുന്ദമംഗലത്ത് എത്തിയപ്പോഴാണ് പണം നഷ്ടപ്പെട്ട വിവരം യാത്രക്കാരൻ അറിയുന്നത്. ഉടൻ തന്നെ കണ്ടക്ടറെ വിവരം അറിയിക്കുകയും തുടർന്ന് ബസ് കുന്ദമംഗലം പൊലീസ് സ്റ്റേഷനിലേക്ക് എത്തിക്കുകയും ചെയ്തു. സ്റ്റേഷനിൽ യാത്രക്കാരെ ഇറക്കി ബാഗുകളും ശരീര പരിശോധനയും നടത്തിയെങ്കിലും പണം കണ്ടെത്താനായില്ല.
തുടർച്ചയായി പ്രിയദർശിനി ബസുകളിൽ മോഷണ പരാതികൾ ഉയർന്ന സാഹചര്യത്തിൽ പൊലീസ് അന്വേഷണം ശക്തമാക്കിയിരിക്കുകയാണ്.











