ന്യൂഡൽഹി: രാജ്യത്ത് 10 രൂപ, 20 രൂപ മൂല്യമുള്ള പോളിമർ (പ്ലാസ്റ്റിക്) കറൻസി നോട്ടുകൾ പരീക്ഷണാടിസ്ഥാനത്തിൽ പുറത്തിറക്കാൻ കേന്ദ്ര സർക്കാർ അനുമതി നൽകി. ആദ്യഘട്ടത്തിൽ 10, 20 രൂപ വിഭാഗങ്ങളിലായി 100 കോടി വീതം പ്ലാസ്റ്റിക് നോട്ടുകളാണ് വിപണിയിലെത്തിക്കുക. ഇതിലൂടെ ആകെ 3,000 കോടി രൂപയുടെ നോട്ടുകൾ പുറത്തിറക്കാനാണ് തീരുമാനം. ലോക്സഭയിൽ നൽകിയ മറുപടിയിലാണ് കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി ഇക്കാര്യം അറിയിച്ചത്.
പ്ലാസ്റ്റിക് നോട്ടുകൾ നിലവിലെ പേപ്പർ നോട്ടുകൾക്കൊപ്പം തന്നെ ഉപയോഗത്തിലുണ്ടാകും. പേപ്പർ നോട്ടുകൾ പൂർണമായി പിൻവലിക്കാൻ നിലവിൽ തീരുമാനമില്ലെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി.
നിലവിൽ ഓസ്‌ട്രേലിയ, ബ്രിട്ടൻ, കാനഡ, തായ്‌ലൻഡ്, സിംഗപ്പൂർ തുടങ്ങിയ 60-ഓളം രാജ്യങ്ങളിൽ പ്ലാസ്റ്റിക് നോട്ടുകൾ ഉപയോഗിക്കുന്നുണ്ട്. 1988-ൽ ഓസ്‌ട്രേലിയയാണ് ആദ്യമായി പ്ലാസ്റ്റിക് നോട്ടുകൾ അവതരിപ്പിച്ചത്. ഇന്ത്യയിൽ പരീക്ഷണം പൂർത്തിയായതിന് ശേഷം രാജ്യവ്യാപകമായി പ്ലാസ്റ്റിക് നോട്ടുകൾ പുറത്തിറക്കുന്നതിൽ റിസർവ് ബാങ്ക് അന്തിമ തീരുമാനം എടുക്കും.




