കൊച്ചി: അഡ്‌ഹോക് കമ്മിറ്റി സംബന്ധിച്ച കേസിൽ തന്നെ പ്രതിയാക്കിയത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്ന് നടനും സംവിധായകനുമായ രമേഷ് പിഷാരടി. തന്നെ അപകീർത്തിപ്പെടുത്തുകയായിരുന്നു ഇതിന് പിന്നിലെ ഉദ്ദേശമെന്നും പിഷാരടി ആരോപിച്ചു.
കൊച്ചി മുൻസിഫ് കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് രമേഷ് പിഷാരടി ഇക്കാര്യം വ്യക്തമാക്കിയത്. താരസംഘടനയായ അമ്മയുടെ അംഗങ്ങളുടെ ക്ഷേമം ഉറപ്പാക്കുന്നതിനായാണ് താൻ അഡ്‌ഹോക് കമ്മിറ്റി അധ്യക്ഷ സ്ഥാനം ഏറ്റെടുത്തതെന്നും, എന്നാൽ തൊട്ടടുത്ത ദിവസം തന്നെ ചുമതലയിൽ നിന്ന് പിന്മാറിയെന്നും അദ്ദേഹം പറഞ്ഞു.
അഡ്‌ഹോക് കമ്മിറ്റി അധ്യക്ഷ സ്ഥാനം തനിക്ക് അനുയോജ്യമല്ലെന്ന് ബോധ്യപ്പെട്ടതിനെ തുടർന്നാണ് പിന്മാറ്റമെന്നും പിഷാരടി വ്യക്തമാക്കി. അതേസമയം, ശ്വേത മേനോൻ അമ്മയിൽ നിന്ന് രാജിവച്ചതിന് പിന്നാലെ സംഘടനയുടെ മിനിറ്റ്സ് ബുക്ക് ഉൾപ്പെടെയുള്ള രേഖകൾ കൈമാറിയില്ലെന്നും അദ്ദേഹം സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടി.
കേസിൽ നിന്ന് തന്നെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടാണ് രമേഷ് പിഷാരടി കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചിരിക്കുന്നത്. വിഷയത്തിൽ കോടതിയുടെ തുടർനടപടികൾ നിർണായകമാകും.











