അഗർത്തല: മുറിക്കുള്ളിൽ കൂറ്റൻ തോതിൽ കറൻസി നോട്ടുകൾ കൂട്ടിയിട്ടിരിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതിന് പിന്നാലെ ത്രിപുരയിൽ സുരക്ഷാ ഉദ്യോഗസ്ഥരായ ദമ്പതികൾ അറസ്റ്റിൽ. അഗർത്തല ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ വനിതാ കോൺസ്റ്റബിൾ മേനക ദേബ്ബർമയെയും ഭർത്താവും ത്രിപുര സ്റ്റേറ്റ് റൈഫിൾസ് 14-ാം ബറ്റാലിയൻ ജവാനുമായ അജിത് ദേബ്ബർമയെയുമാണ് പൊലീസ് പിടികൂടിയത്.
ധലായ് ജില്ലയിൽ നടന്ന കോടികളുടെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് ദമ്പതികളുടെ പങ്ക് പുറത്തുവന്നത്. നിലത്ത് കറൻസി നോട്ടുകൾ ചിതറിക്കിടക്കുന്നതും അതിനരികിൽ വനിതാ കോൺസ്റ്റബിൾ ഇരിക്കുന്നതുമായ ദൃശ്യങ്ങളാണ് വൈറലായ വീഡിയോയിൽ ഉണ്ടായിരുന്നത്.
വീഡിയോ വ്യാപകമായി പ്രചരിച്ചതിനെ തുടർന്ന് ത്രിപുര പൊലീസ് ഉന്നതതല അന്വേഷണം ആരംഭിച്ചു. പിന്നാലെ സാമ്പത്തിക തട്ടിപ്പുമായി ദമ്പതികൾക്ക് ബന്ധമുണ്ടെന്ന് കണ്ടെത്തിയതോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
പ്രതികളെ കോടതിയിൽ ഹാജരാക്കിയ ശേഷം കൂടുതൽ അന്വേഷണത്തിനായി ഏഴ് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. തട്ടിപ്പിന്റെ ഉറവിടവും കൂടുതൽ ആളുകളുടെ പങ്കാളിത്തവും ഉൾപ്പെടെ പൊലീസ് വിശദമായ അന്വേഷണം തുടരുകയാണ്.





