പാലക്കാട് : സൈബർ തട്ടിപ്പിലൂടെ നെന്മാറ സ്വദേശിയുടെ 58,77,882 രൂപ തട്ടിയെടുത്ത കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതിയെ പിടികൂടി. ഗുജറാത്ത് സൂറത്ത് ജലറാംനഗർ സ്വദേശി മണ്ഡൽരാജിനെ (19) യാണ് ഞായറാഴ്ച പാലക്കാട് സൈബർപോലീസ് സൂറത്തിൽനിന്ന് പിടികൂടിയത്.
കേസിനെത്തുടർന്ന് പിടിയിലായ പ്രതിയെ മേയ് 17-ന് റിമാൻഡിലാക്കിയിരുന്നു. തുടർന്ന്, ഓഗസ്റ്റിൽ ജാമ്യത്തിലിറങ്ങിയ പ്രതി ഒളിവിൽപ്പോവുകയായിരുന്നു. തിങ്കളാഴ്ച പാലക്കാട്ടെത്തിച്ച പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സൈബർ ക്രൈം പോലീസ് ഇൻസ്പെക്ടർ ടി. ശശികുമാറിന്റെ നേതൃത്വത്തിൽ എസ്ഐ വി.ആർ. റനീഷ്, എഎസ്ഐ എ.പി. ജോഷി, സിപിഒമാരായ പ്രേംകുമാർ, ജി. ദീപക് കുമാർ, കെ. സുബൈർ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.






