ബൊഗോട്ട: ഫിഫ ലോകകപ്പിൽ നിന്നു പുറത്തായതിനു പിന്നാലെ കൊളംബിയൻ മധ്യനിര താരം ജാമിന്റൻ കാംപാസിനു വധഭീഷണി. അദ്ദേഹത്തിനും കുടുംബത്തിനു നേരെയാണ് വൻ തോതിൽ ഭീഷണി സന്ദേശങ്ങൾ വരുന്നത്. കാംപാസിനു നേരെയുണ്ടായ വധഭീഷണികൾ കൊളംബിയൻ ഫുട്ബോൾ ചരിത്രത്തിലെ കറുത്ത ഓർമകളിലേക്കാണ് വീണ്ടും നമ്മെ കൊണ്ടുപോകുന്നത്.
1994ൽ അമേരിക്കയിൽ നടന്ന ഫിഫ ലോകകപ്പിൽ യുഎസിനെതിരായ മത്സരത്തിൽ അബദ്ധത്തിൽ സെൽഫ് അടിച്ചതിന്റെ പേരിൽ കൊളംബിയൻ പ്രതിരോധ താരം ആന്ദ്രെ എസ്കോബാറിനു സ്വന്തം ജീവൻ നഷ്ടപ്പെട്ടിരുന്നു. ലോകകപ്പിൽ നിന്നു പുറത്തായി ദിവസങ്ങൾക്ക് ശേഷം മെഡെലിനിൽ വച്ച് എസ്കോബാർ വെടിയേറ്റ് മരിക്കുകയായിരുന്നു. രാജ്യത്തിന്റെ ഫുട്ബോൾ ചരിത്രത്തിന്മേൽ ഇന്നും കരിനിഴൽ വീഴ്ത്തുന്ന ഒരു വലിയ ദുരന്തമാണത്. അപ്പോഴാണ് മറ്റൊരു കൊളംബിയൻ താരത്തിന് വധഭീഷണി വന്നിരിക്കുന്നത്.
ചൊവ്വാഴ്ച വാൻകൂവറിൽ നടന്ന പ്രീ ക്വാർട്ടർ പോരാട്ടത്തിൽ സ്വിറ്റ്‌സർലൻഡിനോട് പെനാൽറ്റി ഷൂട്ടൗട്ടിൽ 4-3 ന് പരാജയപ്പെട്ടാണ് കൊളംബിയ പുറത്തായത്. നിശ്ചിത സമയത്തും അധിക സമയത്തും ഇരു ടീമുകളും ഗോളൊന്നും നേടാനാകാതെ സമനിലയിൽ പിരിയുകയായിരുന്നു. അർജന്റീനിയൻ ക്ലബ്ബായ റൊസാരിയോ സെൻട്രലിന്റെ താരമായ കാംപാസിന് അധിക സമയത്ത് ലഭിച്ച സുവർണാവസരം ഗോളാക്കി മാറ്റാൻ കഴിഞ്ഞിരുന്നില്ല. മത്സരം സമനിലയിൽ നിൽക്കെ താരം തൊടുത്ത ഷോട്ട് പുറത്തേക്ക് പോയതോടെ വലിയ തോതിലുള്ള വിമർശനങ്ങളാണ് കാംപാസിന് നേരിടേണ്ടി വന്നത്. തോൽവിക്ക് പിന്നാലെ കാംപാസിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ അധിക്ഷേപകരമായ സന്ദേശങ്ങളും വധ ഭീഷണികളും നിറയുകയായിരുന്നു. മുൻകരുതലിന്റെ ഭാഗമായി അദ്ദേഹം ഇതുവരെ കൊളംബിയയിലേക്ക് മടങ്ങിയിട്ടില്ല.


