ന്യൂഡൽഹി: വിമാനങ്ങളിൽ അപകടകരമായ വസ്തുക്കൾ (ഡേഞ്ചറസ് ഗുഡ്സ്) കൈകാര്യം ചെയ്തതിൽ സുരക്ഷാ വീഴ്ചകൾ കണ്ടെത്തിയതിനെ തുടർന്ന് വിമാനക്കമ്പനിയായ ഇൻഡിഗോയ്ക്ക് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) ഔദ്യോഗിക മുന്നറിയിപ്പ് നൽകി. ദില്ലി വിമാനത്താവളത്തിലെ ഇൻഡിഗോയുടെ എഞ്ചിനീയറിംഗ് സ്റ്റോറേജ് കേന്ദ്രത്തിൽ നടത്തിയ പ്രത്യേക ഓഡിറ്റിലാണ് ക്രമക്കേടുകൾ കണ്ടെത്തിയത്.
സംഭവത്തിൽ സ്വീകരിച്ച തിരുത്തൽ നടപടികളുടെ വിശദാംശങ്ങൾ ഉൾപ്പെടുത്തിയ റിപ്പോർട്ട് ഒരു മാസത്തിനകം സമർപ്പിക്കാൻ ഡിജിസിഎ ഇൻഡിഗോയോട് നിർദേശിച്ചു.
2026 ജനുവരിയിൽ സർവീസ് നടത്തിയ ഒരു വിമാനത്തിൽ അപകടകരമായ വസ്തുക്കൾ ഉൾപ്പെട്ട കാർഗോയിൽ ചോർച്ചയുണ്ടായതായി ഇൻഡിഗോ സ്ഥിരീകരിച്ചിട്ടുണ്ട്. പ്രത്യേക സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് കൈകാര്യം ചെയ്യേണ്ട ചരക്കിലാണ് ചോർച്ചയുണ്ടായതെന്നും, ഇതുമായി ബന്ധപ്പെട്ട് അധികൃതരെ ഉടൻ വിവരം അറിയിച്ചിരുന്നുവെന്നും കമ്പനി വ്യക്തമാക്കി.
ഈ സംഭവത്തിൽ ‘എയർക്രാഫ്റ്റ് (ക്യാരിയേജ് ഓഫ് ഡേഞ്ചറസ് ഗുഡ്സ്) റൂൾസ്, 2026’ പ്രകാരമുള്ള ഒന്നിലധികം ചട്ടങ്ങൾ ലംഘിച്ചതായി ഡിജിസിഎ കണ്ടെത്തി. തുടർന്നാണ് ഇൻഡിഗോയ്ക്ക് മുന്നറിയിപ്പ് കത്ത് നൽകിയത്.
ഡിജിസിഎ നൽകിയ പ്രധാന നിർദേശങ്ങളിൽ ജീവനക്കാർക്ക് കൂടുതൽ പ്രായോഗിക പരിശീലനം നൽകുക, ദില്ലി വിമാനത്താവളത്തിൽ അപകടകരമായ വസ്തുക്കൾ കൈകാര്യം ചെയ്യുന്ന എല്ലാ ജീവനക്കാർക്കും പ്രത്യേക പുനഃപരിശീലനം സംഘടിപ്പിക്കുക, ജീവനക്കാരുടെ കാര്യക്ഷമത വിലയിരുത്തുന്നതിനുള്ള തുടർച്ചയായ സംവിധാനം ശക്തിപ്പെടുത്തുക എന്നിവ ഉൾപ്പെടുന്നു.
അതേസമയം, നിയന്ത്രണ ഏജൻസിയുടെ നിർദേശങ്ങൾ നടപ്പിലാക്കി വരികയാണെന്ന് ഇൻഡിഗോ അറിയിച്ചു. ഉത്തരവാദിത്തമുള്ള വിമാനക്കമ്പനിയെന്ന നിലയിൽ സംഭവം നടന്ന ഉടൻ അധികൃതരെ അറിയിക്കുകയും അന്വേഷണ റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തിരുന്നുവെന്നും യാത്രക്കാരുടെ സുരക്ഷയ്ക്കാണ് കമ്പനി എപ്പോഴും പ്രഥമ പരിഗണന നൽകുന്നതെന്നും ഇൻഡിഗോയുടെ വക്താവ് വ്യക്തമാക്കി.











