കർണാടക: യുവതി കാമുകനൊപ്പം പോയതിൽ മനംനൊന്ത് മാതാവും പിതാവും സഹോദരിയും ആത്മഹത്യ ചെയ്തു. കർണ്ണാടക സ്വദേശികളായ മഹാദേവ സ്വാമി, മഞ്ജുള, ഹർഷിത എന്നിവരാണ് ഹെബ്ബാൾ റിസർവോയറിൽ ചാടി ആത്മഹത്യ ചെയ്തത്. അപകട സ്ഥലത്ത് നിന്ന് നാല് പേജുള്ള ആത്മഹത്യ കുറിപ്പും പൊലീസ് കണ്ടെടുത്തു.
സ്വാമിയുടെ മൂത്തമകൾ മറ്റൊരു യുവാവുമായി പ്രണയബന്ധത്തിലായിരുന്നു. എന്നാൽ കുടുംബത്തിന് മകളുടെ പ്രണയബന്ധത്തിൽ താൽപര്യമില്ലായിരുന്നു. തുടർന്ന് പെൺകുട്ടി കാമുകനോടൊപ്പം വീട്ടിൽ നിന്നും ഇറങ്ങി പോവുകയായിരുന്നു.
സ്വാമിയേയും കുടുംബത്തേയും കാണാനില്ലെന്ന് കാണിച്ച് നാട്ടുകാർ നൽകിയ പരാതി അന്വേഷിച്ച പൊലീസ് റിസർവോയറിന് സമീപത്ത് നിന്ന് സ്വാമിയുടേയും കുടുംബത്തിൻ്റെയും ചെരിപ്പുകൾ കണ്ടെത്തുകയായിരുന്നു.
തങ്ങളുടെ മരണത്തിന് കാരണക്കാരി മൂത്തമകളാണെന്നും അതിനാൽ മകളെ മരണാനന്തര ചടങ്ങിൽ പങ്കെടുപ്പിക്കരുതെന്നും ആത്മഹത്യ കുറിപ്പിൽ എഴുതിയിട്ടുണ്ട്. തങ്ങളുടെ സ്വത്തുക്കൾ സഹോദരന് കൈമാറണമെന്നും കുടുംബം കത്തിലൂടെ വ്യക്തമാക്കി.




