കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ബിജെപിക്കെതിരെ എല്ലാ പ്രതിപക്ഷ പാർട്ടികളും ഒരുമിച്ച് നിൽക്കണമെന്ന് മുഖ്യമന്ത്രി മമത ബാനർജി ആവശ്യപ്പെട്ടു. കൊൽക്കത്തയിൽ നടന്ന രക്തസാക്ഷി ദിന റാലിയിൽ സംസാരിക്കുകയായിരുന്നു അവർ.
ബിജെപിയെ നേരിടാൻ ബംഗാളിൽ ഇന്ത്യാ സഖ്യത്തിന്റെ കീഴിൽ എല്ലാവരും ഒന്നിക്കണമെന്നാണ് തന്റെ ആഗ്രഹമെന്ന് മമത പറഞ്ഞു. അഭിപ്രായവ്യത്യാസങ്ങൾ മാറ്റിവെച്ച് ഒരുമിച്ച് പോരാടണമെന്നും അവർ അഭ്യർഥിച്ചു.
അതേസമയം, പാർട്ടി വിട്ട നേതാക്കളെ മമത രൂക്ഷമായി വിമർശിച്ചു. ടിഎംസി വിട്ടുപോയവർ വഞ്ചകരാണെന്നും അവരെ ഇനി ഒരിക്കലും പാർട്ടിയിലേക്ക് തിരിച്ചെടുക്കില്ലെന്നും അവർ വ്യക്തമാക്കി. നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം പാർട്ടി വിട്ടവരുടെ ഒഴിവ് നികത്താൻ പുതിയ നേതാക്കൾ ഉണ്ടെന്നും ബിജെപിയിൽ ചേർന്നവരെ ജനങ്ങൾക്കുമുന്നിൽ നേരിടാൻ തയ്യാറാണെന്നും മമത പറഞ്ഞു.
കോൺഗ്രസിന്റെയോ സിപിഎമ്മിന്റെയോ പേര് പരാമർശിക്കാതെയാണ് മമതയുടെ പ്രതികരണം. ദേശീയതലത്തിൽ ഇന്ത്യാ സഖ്യത്തിന്റെ ഭാഗമായിരുന്നാലും പശ്ചിമ ബംഗാളിൽ ടിഎംസിയും കോൺഗ്രസും സിപിഎമ്മും തമ്മിൽ രാഷ്ട്രീയ ഭിന്നത തുടരുകയാണ്.


