ഇടുക്കി: കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് തന്റെ പേര് നിർദേശിച്ചുകൊണ്ട് നവമാധ്യമങ്ങളിലൂടെ നടക്കുന്ന പ്രചാരണം അവസാനിപ്പിക്കണമെന്ന് ഇടുക്കി എംപി ഡീൻ കുര്യാക്കോസ്. പാർട്ടിയുടെ ഉന്നത നേതൃത്വം ചർച്ചകളിലൂടെ ഏറ്റവും അനുയോജ്യനായ വ്യക്തിയെ അധ്യക്ഷ സ്ഥാനത്തേക്ക് തീരുമാനിക്കുമെന്നും, താൻ നിലവിൽ ആ പദവിക്ക് അർഹനല്ലെന്നാണ് വ്യക്തിപരമായ ബോധ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
അർഹതയില്ലാത്ത ഒരു സ്ഥാനവും താൻ ആരോടും ആവശ്യപ്പെട്ടിട്ടില്ലെന്നും ഭാവിയിലും അത്തരത്തിൽ സ്ഥാനങ്ങൾ തേടിപ്പോകില്ലെന്നും ഡീൻ കുര്യാക്കോസ് ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു.
തന്റെ അധ്വാനവും കഴിവും തിരിച്ചറിഞ്ഞ നേതാക്കളുടെ പിന്തുണയിലൂടെയാണ് ആഗ്രഹിച്ച സ്ഥാനങ്ങളിലെല്ലാം എത്തിച്ചേരാനായതെന്നും അവരോടുള്ള കടപ്പാട് എന്നും നിലനിൽക്കുമെന്നും അദ്ദേഹം കുറിച്ചു.
വാട്ട്സ്ആപ്പിലൂടെയും ഫേസ്ബുക്കിലൂടെയും പ്രചാരണം നടത്തിയാണ് പാർട്ടിയിലെ പ്രധാന സ്ഥാനങ്ങൾ തീരുമാനിക്കുന്നതെന്ന് കരുതരുതെന്നും അത്തരം നീക്കങ്ങളെ പ്രോത്സാഹിപ്പിക്കുന്ന നേതാവായി തന്നെ കാണരുതെന്നും അദ്ദേഹം വ്യക്തമാക്കി.
പാർട്ടി ഇതുവരെ നൽകിയ എല്ലാ സ്ഥാനങ്ങളിലും താൻ സംതൃപ്തനാണ്. ജനപ്രതിനിധി എന്ന നിലയിൽ ആത്മവിശ്വാസത്തോടെ പ്രവർത്തിക്കുകയാണ് ഇപ്പോഴത്തെ ലക്ഷ്യം. കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് ഏറ്റവും അനുയോജ്യനായ വ്യക്തിയെ ഹൈക്കമാൻഡ് കണ്ടെത്തുന്നതുവരെ കാത്തിരിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
തന്നെ സ്നേഹിക്കുന്നവർ അറിഞ്ഞോ അറിയാതെയോ ഈ പ്രചാരണത്തിന്റെ ഭാഗമായിട്ടുണ്ടെങ്കിൽ അതിൽനിന്ന് പിന്തിരിയണമെന്നും ഡീൻ കുര്യാക്കോസ് അഭ്യർഥിച്ചു.


