തൃശൂർ: ഇരിങ്ങാലക്കുട ഗാന്ധിഗ്രാമിൽ കാറിനുള്ളിൽ 57കാരനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ തോക്ക് എത്തിച്ചു നൽകിയ രണ്ട് പേരെ തൃശൂർ റൂറൽ പൊലീസ് അറസ്റ്റ് ചെയ്തു. വടക്കാഞ്ചേരി സ്വദേശി ജസ്റ്റിൻ മാത്യു ഇടുക്കി കുമളി സ്വദേശി റീഗൻ ജോസഫ് എന്നിവരാണ് പിടിയിലായത്. തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട പൊലീസും റൂറൽ ഡാൻസാഫ് സംഘവും ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
ഇരിങ്ങാലക്കുട കുറ്റിക്കാടൻ വീട്ടിൽ ജോസിനെയാണ് മാർച്ച് 10-ന് രാത്രി ഒമ്പതോടെ ഗാന്ധിഗ്രാമിൽ പാർക്ക് ചെയ്തിരുന്ന കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവസ്ഥലത്ത് നടത്തിയ പരിശോധനയിൽ കാറിൽ നിന്ന് ഒരു തോക്കും കുറിപ്പും പൊലീസ് കണ്ടെത്തി. തോക്ക് ജസ്റ്റിനും റീഗനും ചേർന്നാണ് നൽകിയത് എന്ന് ജോസ് എഴുതിയ കുറിപ്പിൽ വ്യക്തമാക്കിയിരുന്നു.
തുടർന്ന് നടത്തിയ അന്വേഷണത്തിന്റെ ഭാഗമായി കേരള പോലീസ് അക്കാദമിയിലെ റീജിയണൽ ഫോറൻസിക് സയൻസ് ലാബിലെ സയന്റിഫിക് ആൻഡ് ബാലിസ്റ്റിക് ഓഫീസർ അജയ് ബാബു തോക്ക് ശാസ്ത്രീയമായി പരിശോധിച്ചു. പരിശോധനയിൽ തോക്ക് നിയമവിരുദ്ധമായി നിർമ്മിച്ചതും ലൈസൻസില്ലാത്തതുമാണെന്ന് കണ്ടെത്തി.
പ്രതികൾ തോക്ക് അനധികൃതമായി നിർമ്മിക്കുകയോ വാങ്ങി സൂക്ഷിക്കുകയോ ചെയ്ത ശേഷം ജോസിന് കൈമാറിയതായാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. ഇതിന്റെ അടിസ്ഥാനത്തിൽ ആയുധനിയമപ്രകാരം ഇരിങ്ങാലക്കുട പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി പ്രതികളെ പിടികൂടുകയായിരുന്നു.






