ആലപ്പുഴ: ഹരിപ്പാട് പോഷകാഹാരക്കുറവിനെ തുടർന്ന് രണ്ടര വയസുകാരൻ മരിച്ച സംഭവത്തിൽ ദമ്പതികളുടെ നവജാത ശിശുവിനെ ഏറ്റെടുക്കാനുള്ള ശിശുക്ഷേമസമിതിയുടെ നീക്കത്തിൽ പ്രതിസന്ധി. നവജാത ശിശുവിനെ വിട്ടുനൽകില്ലെന്നും വീട്ടിലേക്ക് മടങ്ങണമെന്നുമുള്ള മാതാവ് താരയുടെ നിലപാടാണ് പ്രതിസന്ധിക്ക് കാരണം. അതേസമയം, ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല ഇന്ന് കുട്ടിയുടെ വീട് സന്ദർശിക്കും.
രാജേഷ്–താര ദമ്പതികളുടെ ഏഴ് മക്കളിൽ രണ്ടുപേരാണ് മരിച്ചത്. നാല് പെൺകുട്ടികളെ ഇതിനോടകം ശിശുക്ഷേമസമിതിയുടെ ചൈൽഡ് ഹോമിലേക്ക് മാറ്റിയിട്ടുണ്ട്. നവജാത ശിശു മാതാപിതാക്കൾക്കൊപ്പം സുരക്ഷിതമല്ലെന്ന വിലയിരുത്തലിനെ തുടർന്നാണ് കുട്ടിയെ ഏറ്റെടുക്കാൻ ജില്ലാ ശിശുക്ഷേമസമിതി തീരുമാനിച്ചത്. എന്നാൽ, ഇതിനായി മാതാവിന്റെ സമ്മതം ആവശ്യമാണ്. ഇന്നലെ താരയുമായി അധികൃതർ സംസാരിച്ചെങ്കിലും കുട്ടിയെ വിട്ടുനൽകാൻ അവർ വിസമ്മതിച്ചു.
കുട്ടിയെ വിട്ടുനൽകില്ലെന്നും വീട്ടിലേക്ക് മടങ്ങണമെന്നുമാണ് താരയുടെ ആവശ്യം. എന്നാൽ, ശിശുക്ഷേമസമിതി ഇതിനെ എതിർത്തു. ജില്ലാ ശിശുസംരക്ഷണ ഓഫീസറുടെ സാമൂഹിക അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കുട്ടിയെ ഏറ്റെടുക്കുന്നതിനായി സമിതി നിയമോപദേശം തേടുകയാണ്. അതേസമയം, രണ്ടുവയസുകാരന്റെ മരണം താരയെ അറിയിച്ചത് ഇന്നലെയാണ്. കുഞ്ഞിന്റെ മരണവിവരം അറിഞ്ഞിട്ടും താരയിൽ പ്രകടമായ ഭാവമാറ്റമുണ്ടായില്ലെന്നാണ് അധികൃതരുടെ വിലയിരുത്തൽ. താരയ്ക്ക് ഉടൻ കൗൺസലിങ് നൽകാനും തീരുമാനിച്ചിട്ടുണ്ട്. ജില്ലാ ശിശുസംരക്ഷണ ഓഫീസർ ബാലാവകാശ കമ്മീഷന് റിപ്പോർട്ട് കൈമാറും.
രാജേഷ്–താര ദമ്പതികളുടെ ഏഴ് മക്കളിൽ ആറാമത്തെയാളായിരുന്നു രണ്ടുവയസുകാരനായ രാഹുൽ. കഴിഞ്ഞ ദിവസം രാവിലെയാണ് കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹവുമായി രാജേഷ് ആദ്യം എത്തിയത് ഹരിപ്പാട് ഡാണാപ്പടിയിലെ ബന്ധുവീട്ടിലായിരുന്നു. ആരുമറിയാതെ മൃതദേഹം അവിടെ സംസ്കരിക്കാനായിരുന്നു ശ്രമം. പിന്നീട് നാട്ടുകാർ ഇടപെട്ടാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്.
പോഷകാഹാരക്കുറവ് മൂലമുണ്ടായ അസുഖങ്ങളാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായിരുന്നു. എന്നാൽ, കുട്ടിക്ക് ജന്മനാ ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നുവെന്നും കുടുംബത്തിൽ സർപ്പദോഷം കാരണം ഒരു മരണം സംഭവിക്കുമെന്ന പ്രവചനത്തിന്റെ ഫലമായാണ് കുട്ടി മരിച്ചതെന്നുമായിരുന്നു പിതാവ് രാജേഷിന്റെ വാദം.
ഒമ്പത് വർഷം മുമ്പ് മൂന്നര മാസം പ്രായമുള്ള മറ്റൊരു കുട്ടിയും മരിച്ചിരുന്നു. ഈ കുട്ടിയുടെ മൃതദേഹം ആരെയും അറിയിക്കാതെ ബന്ധുവീട്ടിൽ സംസ്കരിച്ചതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. എന്നാൽ, മരണത്തിന് ഔദ്യോഗിക രേഖകളില്ല.
കുട്ടികളെ ഉപയോഗിച്ച് മാതാപിതാക്കൾ പണം പിരിച്ചിരുന്നുവെന്നും ജോലി ചെയ്യാതെ ജീവിക്കാൻ കുട്ടികളെ മറയാക്കിയെന്നും ജില്ലാ ശിശുസംരക്ഷണ ഓഫീസറുടെ റിപ്പോർട്ടിൽ പറയുന്നു. കുട്ടികളുടെ മുന്നിലിരുന്ന് മാതാപിതാക്കൾ പതിവായി മദ്യപിച്ചിരുന്നതായും റിപ്പോർട്ടിലുണ്ട്. ഈ സാഹചര്യത്തിൽ കുട്ടികളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റണമെന്നാണ് ജില്ലാ ശിശുസംരക്ഷണ ഓഫീസറുടെ ശുപാർശ.




