കോഴിക്കോട്: ബസിൽ ലെെംഗിക പീഡനം നടത്തിയതായി സോഷ്യൽ മീഡിയയിൽ വീഡിയോ പ്രചരിപ്പിച്ചതിനെ തുടർന്ന് ഗോവിന്ദപുരം സ്വദേശി ദീപക് ജീവനൊടുക്കിയ സംഭവത്തിൽ പ്രതി ഷിംജിത മുസ്തഫയ്ക്ക് ജാമ്യം. കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. 21 ദിവസത്തോളം ജയിലിൽ കഴിഞ്ഞശേഷമാണ് ജാമ്യം ലഭിച്ചത്.
ദീപക്കിന്റെ മരണത്തിൽ കുടുംബം നൽകിയ പരാതിയിലാണ് ഷിംജിതയെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി അറസ്റ്റുചെയ്തത്. ദീപക് ആത്മഹത്യ ചെയ്യാൻ കാരണം ഷിംജിത ഇൻസ്റ്റഗ്രാമിൽ ദൃശ്യങ്ങൾ സഹിതം ഉന്നയിച്ച ആരോപണങ്ങളാണെന്ന് കുടുംബം പരാതിപ്പെട്ടിരുന്നു.
ഷിംജിതയുടെ ലാപ്ടോപ്പ്, ഫോൺ എന്നിവയുടെ ഫൊറൻസിക് പരിശോധനാഫലം വരുന്നതുവരെ ജാമ്യം അനുവദിക്കരുതെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചിരുന്നു. എന്നാൽ 21 ദിവസമായി ജയിലിലാണെന്നും ഫൊറൻസിക് ഫലം വരുന്നതുവരെ റിമാൻഡിൽ കഴിയേണ്ടതില്ലെന്നുമാണ് പ്രതിഭാഗം കോടതിയിൽ അറിയിച്ചത്. കുന്ദമംഗലം മജിസ്ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയതിനെത്തുടർന്നാണ് ഷിംജിത കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതിയെ സമീപിച്ചത്.




