കോട്ടയം: ശബരിമലയിൽ മകരവിളക്ക് അടുത്തതോടെ എരുമേലിയിൽ കഴിഞ്ഞ ഞായറാഴ്ച രാത്രി മുതൽ ഇന്നലെ ഉച്ച കഴിയും വരെ വലിയ രീതിയിൽ ഗതാഗതം സ്തംഭിച്ചു. എരുമേലി ടൗണിലും മുണ്ടക്കയം, കാഞ്ഞിരപ്പള്ളി, റാന്നി ഭാഗത്തേക്കുമുള്ള റോഡുകളിലും കിലോമീറ്ററുകൾ ദൂരത്തിൽ ഗതാഗതം കുരുങ്ങി.
തീർഥാടകർ മാത്രമല്ല സമീപവാസികളും ഇതോടെ ബുദ്ധിമുട്ടിലായി. ഈ വഴിയുള്ള പല സ്വകാര്യ ബസുകളും ഓട്ടം നിറുത്തിവച്ചു. ബസുകൾ എരുമേലി ടൗണിലേക്ക് വരാനാവാതെ കനകപ്പലം, പേരൂർതോട്, കുറുവാമൂഴി എന്നിവിടങ്ങളിൽ എത്തി തിരികെപ്പോയി.
പല സ്ഥലങ്ങളിൽ ജോലിക്ക് പോകേണ്ടവർ എരുമേലിയിൽനിന്നും നടന്ന് ഇവിടങ്ങളിലെത്തി മറ്റൊരു ബസിൽ കയറുകയായിരുന്നു. അതേസമയം, സ്വന്തമായി വാഹനമുള്ളവർക്കുപോലും ആശുപത്രിയിൽ പോകാനായില്ല.
എന്നാൽ തിങ്കളാഴ്ച ഉച്ചയോടെ തിരക്കിന് ശമനമായെങ്കിലും എരുമേലി ടൗണിൽ ഗതാഗതക്കുരുക്ക് തുടരുന്ന കാഴ്ചയായിരുന്നു. എരുമേലിയിൽ തീർഥാടനകാലത്തിന് നൂറ്റാണ്ടിന്റെ പഴക്കമുണ്ടെങ്കിലും അതനുസരിച്ചുള്ള അടിസ്ഥാന സൗകര്യവികസനത്തിന്റെ കുറവ് കാണാമായിരുന്നു. നാലുവർഷം മുമ്പ് എരുമേലിയുടെ വികസനത്തിനായി പത്തു കോടി തുക വകയിരുത്തി എരുമേലി മാസ്റ്റർപ്ലാൻ പ്രഖ്യാപിച്ചെങ്കിലും നാളിതുവരെ നടപ്പിലാക്കാൻ സാധിച്ചിട്ടില്ല.






