പ്രേക്ഷകരെ ചിരിപ്പിച്ചും ത്രില്ലടിപ്പിച്ചും വിജയ കുതിപ്പ് തുടരുകയാണ് ദേവദത്ത് ഷാജി സംവിധാനം ചെയ്ത “ധീരൻ”. സംവിധായകൻ തന്നെ രചനയും നിർവഹിച്ച ചിത്രം നിർമ്മിച്ചിരിക്കുന്നത് ചീയേർസ് എന്റെർറ്റൈന്മെന്റ്സിന്റെ ബാനറിൽ ലക്ഷ്മി വാര്യരും ഗണേഷ് മേനോനും ചേർന്നാണ്. ഗംഭീര പ്രേക്ഷക പിന്തുണയോടെയാണ് ചിത്രം തീയേറ്റർ പ്രദർശനം തുടരുന്നത്. നിലവിൽ കേരളത്തിലെ തീയേറ്ററുകളിൽ ഏറ്റവും കൂടുതൽ പ്രേക്ഷകരെ ആകർഷിച്ചു മുന്നേറുന്ന ചിത്രവും “ധീരൻ” ആണ്.
സിംഗിൾ സ്‌ക്രീനുകളിലും മൾട്ടിപ്ളെക്സുകളിലും ഒരുപോലെ ഹൗസ്ഫുൾ ഷോകളുമായി മുന്നേറുന്ന ചിത്രത്തിന്റെ ഹൈലൈറ്റ് ഇതിലെ മികച്ച ഹാസ്യ രംഗങ്ങളാണ്. ആദ്യാവസാനം പ്രേക്ഷകരെ ചിരിപ്പിക്കുന്ന ചിത്രം, അവരെ ത്രില്ലടിപ്പിക്കുന്ന രീതിയിലും കൂടെയാണ് കഥയവതരിപ്പിക്കുന്നത്. ടൈറ്റിൽ കഥാപാത്രമായെത്തിയ രാജേഷ് മാധവനൊപ്പം, മലയാളികളുടെ പ്രിയതാരങ്ങളായ ജഗദീഷ്, അശോകൻ, മനോജ് കെ ജയൻ, സുധീഷ്, വിനീത് എന്നിവരും ചിത്രത്തിൽ നിറഞ്ഞു നിൽക്കുന്നു. ഇവർക്കൊപ്പം ശബരീഷ് വർമ്മ, അഭിരാം എന്നിവരും തങ്ങളുടെ പ്രകടനം കൊണ്ട് വലിയ കയ്യടിയാണ് നേടുന്നത്.
സിദ്ദിഖ്- ലാൽ ചിത്രങ്ങളുടെ ഫീൽ സമ്മാനിക്കുന്ന സിറ്റുവേഷണൽ കോമഡികളിലൂടെ മുന്നേറുന്ന ചിത്രത്തിൽ, ആക്ഷനും ഡ്രാമയ്ക്കും വൈകാരിക നിമിഷങ്ങൾക്കും കൃത്യമായ സ്ഥാനം നൽകിയിട്ടുണ്ട്. അതുകൊണ്ട് തന്നെ കുടുംബ പ്രേക്ഷകർക്കൊപ്പം ചിത്രം യുവ പ്രേക്ഷകരെയും വലിയ രീതിയിലാണ് ആകർഷിക്കുന്നത്. അശോകൻ, സുധീഷ് എന്നിവർ ഹാസ്യ രംഗങ്ങളിലെ മികവ് കൊണ്ട് കയ്യടി നേടുമ്പോൾ, തന്റെ കരിയറിലെ തന്നെ വളരെ വ്യത്യസ്തമായ മേക്കോവറിൽ ഇതുവരെ ചെയ്യാത്ത തരത്തിലുള്ള കഥാപാത്രമായാണ് വിനീത് അഭിനയിച്ചിരിക്കുന്നത് എന്നതും ചിത്രത്തിന്റെ ഹൈലൈറ്റുകളിൽ ഒന്നാണ്.






