തിരുവനന്തപുരം: സംസ്ഥാനത്തെ ജില്ലാ, ജനറൽ ആശുപത്രികളിൽ 24 മണിക്കൂറും സ്പെഷ്യാലിറ്റി ചികിത്സാ സേവനങ്ങൾ ലഭ്യമാക്കുമെന്ന് ആരോഗ്യ ദേവസ്വം മന്ത്രി കെ. മുരളീധരൻ. ആറുമാസത്തിനുള്ളിൽ പദ്ധതി നടപ്പാക്കുമെന്നും ഗുണമേന്മയുള്ള ആരോഗ്യ സേവനം തടസമില്ലാതെ ജനങ്ങൾക്ക് ലഭ്യമാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
ആദ്യഘട്ടത്തിൽ എല്ലാ ജില്ലകളിലും ഓരോ ആശുപത്രിയിൽ 24 മണിക്കൂർ സ്പെഷ്യാലിറ്റി സേവനം ഉറപ്പാക്കും. തുടർന്ന് ഘട്ടംഘട്ടമായി പദ്ധതി മറ്റ് ആശുപത്രികളിലേക്കും വ്യാപിപ്പിക്കും. മെഡിസിൻ, സർജറി, ഓർത്തോ, പീഡിയാട്രിക്സ്, ഗൈനക്കോളജി തുടങ്ങിയ വിഭാഗങ്ങളിലെ വിദഗ്ധ ചികിത്സാ സേവനങ്ങളാണ് മുഴുവൻ സമയവും ലഭ്യമാക്കുക.
ഇതോടെ വീടിന് സമീപമുള്ള സർക്കാർ ആശുപത്രികളിൽ തന്നെ രാത്രികാലങ്ങളിലും വിദഗ്ധ ചികിത്സ ലഭ്യമാകും. ശസ്ത്രക്രിയകൾ ഉൾപ്പെടെയുള്ള സേവനങ്ങൾ ജില്ലാ, ജനറൽ ആശുപത്രികളിൽ രാത്രിയിലും കാര്യക്ഷമമാകുന്നതോടെ മെഡിക്കൽ കോളേജുകളിലെ അമിത തിരക്ക് കുറയ്ക്കാനാകുമെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ.
രോഗികൾക്ക് ചികിത്സ, മരുന്ന്, കിടക്ക എന്നിവ അവകാശമായി പ്രഖ്യാപിച്ച് രോഗീസൗഹൃദ ആശുപത്രികൾ സജ്ജമാക്കുന്നതിന്റെ ഭാഗമായാണ് സ്പെഷ്യാലിറ്റി സേവനങ്ങൾ 24 മണിക്കൂറും താഴെത്തട്ടിലേക്ക് വ്യാപിപ്പിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
പദ്ധതിയുടെ ഏകോപനത്തിനായി ആരോഗ്യവകുപ്പ് അഡ്മിനിസ്ട്രേഷൻ ആൻഡ് ട്രെയിനിംഗ് വിഭാഗം അഡീഷണൽ ഡയറക്ടർ ഡോ. ഷിനു കെ.എസ്.യെ സ്പെഷ്യൽ ഓഫീസറായി നിയമിച്ചു. ആശുപത്രികളിലെ നിലവിലെ സൗകര്യങ്ങൾ വിലയിരുത്തി ആവശ്യമായ ക്രമീകരണങ്ങൾ ഉറപ്പാക്കും.
മെഡിക്കൽ, നഴ്സിംഗ്, പാരാമെഡിക്കൽ ജീവനക്കാരുടെ ആവശ്യകത കണക്കാക്കി കൃത്യമായ വിന്യാസം നടത്തും. ആശുപത്രികളിൽ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കും. പദ്ധതിയുടെ പുരോഗതി നിരീക്ഷിച്ച് സമയബന്ധിതമായി റിപ്പോർട്ട് സമർപ്പിക്കുന്നതിനുള്ള ചുമതലയും നോഡൽ ഓഫീസർക്ക് നൽകിയിട്ടുണ്ട്.











