തിരുവനന്തപുരം: ഓണക്കാലം പ്രമാണിച്ച് കെഎസ്ആർടിസിയിലെ ബസ് വാഷിങ് ജീവനക്കാർക്കും ഉത്സവബത്ത അനുവദിച്ചതായി ഗതാഗത മന്ത്രി സി.പി. ജോൺ അറിയിച്ചു. 1000 രൂപ വീതം ഓണം അലവൻസ് നൽകാനാണ് നിർദ്ദേശം.
വർഷങ്ങൾക്ക് ശേഷം ഇതാദ്യമായാണ് കെഎസ്ആർടിസിയിലെ ബസ് വാഷിങ് ജീവനക്കാർക്ക് ഉത്സവബത്ത അനുവദിക്കുന്നത്. സ്ഥിരം, താൽക്കാലിക ജീവനക്കാർക്ക് പുറമേ 2019ന് ശേഷം ഇത്തവണ പെൻഷൻകാർക്കും ഉത്സവബത്ത നൽകാനുള്ള നടപടികൾ നേരത്തെ സ്വീകരിച്ചിരുന്നു.
കോർപറേഷന്റെ അടിസ്ഥാന വിഭാഗമായ ബസ് വാഷിങ് ജീവനക്കാരെക്കൂടി ഓണം ആനുകൂല്യങ്ങളുടെ പരിധിയിൽ ഉൾപ്പെടുത്തണമെന്ന സർക്കാർ നയത്തിന്റെ ഭാഗമായാണ് പുതിയ തീരുമാനമെന്ന് മന്ത്രി വ്യക്തമാക്കി.
ജീവനക്കാർക്കും പെൻഷൻകാർക്കും ഉത്സവബത്തയും ഓണം അഡ്വാൻസും വിതരണം ചെയ്യുന്നതിനായി നേരത്തെ 33.92 കോടി രൂപ അനുവദിച്ചിരുന്നു. ഇതിന് പുറമേയാണ് ബസ് വാഷിങ് ജീവനക്കാർക്കുള്ള അലവൻസിനായി തുക അനുവദിക്കുന്നത്.
സ്ഥിരം ജീവനക്കാർക്ക് 10,000 രൂപ ഓണം അഡ്വാൻസ് നൽകുന്നതിനായി 21.5 കോടി രൂപയും പെൻഷൻകാർക്ക് 1250 രൂപ ഉത്സവബത്ത നൽകുന്നതിനായി 5.32 കോടി രൂപയും പ്രത്യേക ധനസഹായമായി അനുവദിച്ചിട്ടുണ്ട്.
കടുത്ത സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും ജീവനക്കാരുടെ ആത്മാർഥതയും അർപ്പണബോധവും പരിഗണിച്ചാണ് ഓണം ഫെസ്റ്റിവൽ ആനുകൂല്യങ്ങൾ നൽകാൻ തീരുമാനിച്ചതെന്നും മന്ത്രി പറഞ്ഞു.











