സുല്‍ത്താന്‍ ബത്തേരി: ബത്തേരി സ്വദേശി ഹേമചന്ദ്രന്‍ കൊലക്കേസില്‍ മൃതദേഹം ഹേമചന്ദ്രന്റേത് തന്നെയെന്ന് സ്ഥിരീകരണം..കണ്ണൂര്‍ ഫൊറന്‍സിക് സയന്‍സ് ലബോറട്ടറിയില്‍ നടത്തിയ ഡിഎന്‍എ പരിശോധനയിലാണ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ജൂണ്‍ 28 ന് ഹേമചന്ദ്രന്‍ കൊല്ലപ്പെട്ടതാണെന്ന് പൊലീസ് സ്ഥിരീകരിച്ചിരുന്നു. ചേരമ്പാട് വനമേഖലയില്‍ നിന്ന് മൃതദേഹം കണ്ടെത്തുകയും ചെയ്തിരുന്നു. മൃതദേഹം ബന്ധുക്കള്‍ തിരിച്ചറിഞ്ഞിരുന്നുവെങ്കിലും ഡിഎന്‍എ ഫലം കൂടി വന്നതിന് ശേഷം മാത്രമേ മൃതദേഹം വിട്ടുനല്‍കാന്‍ കഴിയുമായിരുന്നുളൂ.
ഡിഎന്‍എ പരിശോധനയ്ക്കായി ഹേമചന്ദ്രന്റെ അമ്മയുടെയും മക്കളുടെയും രക്ത സാമ്പിളുകള്‍ ശേഖരിച്ചിരുന്നു. എന്നാല്‍ ഡിഎന്‍എ ഫലം വൈകുന്നതില്‍ കുടുംബം മുഖ്യമന്ത്രിക്കടക്കം പരാതി അയക്കുകയും കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്നാരോപിക്കുകയും ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഡിഎന്‍എ ഫലം വേഗത്തില്‍ ലഭ്യമാക്കണമെന്ന് മുഖ്യമന്ത്രിയും ജില്ലാപൊലീസ് മേധാവിയും നിര്‍ദേശം നല്‍കിയിരുന്നു.
2024 മാര്‍ച്ചിലാണ് സുല്‍ത്താന്‍ ബത്തേരി സ്വദേശി ഹേമചന്ദ്രനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. ജൂണ്‍ 28നാണ് ഹേമചന്ദ്രന്റെ മൃതദേഹം കണ്ടെത്തിയത്. വയനാട് ചേരമ്പാടിയിലെ വനത്തില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. കള്ളപ്പണ ഇടപാടുകളും വാഹന മോഷണവും അടക്കമുള്ള വലിയ ഇടപാടുകള്‍ കൊലപാതകത്തിന് പിന്നിലുണ്ടെന്നായിരുന്നു പൊലീസിന്റെ അനുമാനം. ക്രൂരമായ മര്‍ദ്ദനത്തിന് ശേഷം കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയെന്നായിരുന്നു പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. എന്നാല്‍ ഹേമചന്ദ്രന്‍ തൂങ്ങിമരിച്ചതാണെന്നും അങ്ങനെ കണ്ടപ്പോള്‍ മൃതദേഹം കുഴിച്ചിടുക മാത്രമാണ് ചെയ്തതെന്നായിരുന്നു മുഖ്യപ്രതി നൗഷാദിന്റെ ആദ്യമൊഴി. എന്നാല്‍ ഹേമചന്ദ്രനെ കൊലപ്പെടുത്തിയത് നൗഷാദിന്റെ നേതൃത്വത്തില്‍ തന്നെയെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.






