ന്യൂദില്ലി: നിരോധിത ഭീകര സംഘടനകളുമായി ബന്ധമുള്ള ഭീകര നെറ്റ്‍വർക്ക് തകര്‍ത്ത് ജമ്മു കശ്മീർ, ഹരിയാന പൊലീസ് സേനകൾ. ഹരിയാനയിലെ ഫരീദാബാദിൽ സ്ഥിതിചെയ്യുന്ന മെഡിക്കൽ കോളേജുമായി ബന്ധമുള്ള ഡോക്ടർമാരിൽ നിന്ന്, സ്ഫോടകവസ്തുക്കൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന 360 കിലോഗ്രാം അമോണിയം നൈട്രേറ്റ്, ഒരു അസോൾട്ട് റൈഫിൾ, വൻ ആയുധ ശേഖരം എന്നിവ പിടിച്ചെടുത്തു.
മെഡിക്കൽ കോളേജിലെ ഡോക്ടറായ ഡോ. മുസാമിൽ ഷക്കീലിനെയാണ് ആദ്യം അറസ്റ്റ് ചെയ്തത്. ഞായറാഴ്ച അൽ ഫലാഹ് ആശുപത്രിക്ക് സമീപം ഇയാൾ വാടകയ്ക്ക് എടുത്ത വീട്ടിൽ നിന്ന് രാസവസ്തുക്കൾ കണ്ടെത്തിയതിനെ തുടർന്നാണ് അറസ്റ്റ്. ഇതേ ആശുപത്രിയിൽ ജോലി ചെയ്യുന്ന ഒരു വനിതാ ഡോക്ടറുടെ കാറിൽ നിന്നൊരു കരോം കോക്ക് അസോൾട്ട് റൈഫിളും കണ്ടെത്തി. ഇവരെ ചോദ്യം ചെയ്യലിനായി കസ്റ്റഡിയിലെടുത്തു. മറ്റൊരു ഡോക്ടറായ ഡോ. ആദിൽ അഹമ്മദ് റാത്തറിനെ നേരത്തെ ആയുധക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിരുന്നു.
ഇയാളെ ചോദ്യം ചെയ്തതിൽ നിന്ന് ലഭിച്ച നിർണായക വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് തിങ്കളാഴ്ചത്തെ റെയ്ഡ് നടത്തിയത്. ഈ ശൃംഖലയുടെ ഭാഗമെന്ന് സംശയിക്കുന്ന മറ്റൊരു ഡോക്ടർക്കായി ഫരീദാബാദിലും പരിസരങ്ങളിലും തിരച്ചിൽ ഊർജ്ജിതമാക്കി. മുസാമിലുമായി നിരന്തര സമ്പർക്കം പുലർത്തിയിരുന്ന ഫരീദാബാദിലെ പള്ളിയിലെ മുഖ്യ പുരോഹിതനായ (ഇമാം) ഇഷ്തിയാഖിനെയും അന്വേഷണ സംഘം അറസ്റ്റ് ചെയ്തതായി അധികൃതർ അറിയിച്ചു.







