കോട്ടയം: വോട്ടവകാശം കൃത്യമായി വിനിയോഗിച്ച് പൗരധർമ്മം നിറവേറ്റണമെന്ന് പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് വിശ്വാസികളെ ഓർമ്മിപ്പിച്ചു. പാലാ അമലോത്ഭവ ജൂബിലി തിരുനാളിനോടനുബന്ധിച്ച് കുർബാന മധ്യേ നൽകിയ സന്ദേശത്തിലാണ് അദ്ദേഹം ഇക്കാര്യം ഊന്നിപ്പറഞ്ഞത്.
ആഘോഷങ്ങളുടെ തിരക്കിനിടയിലും രാഷ്ട്രത്തോടുള്ള ഉത്തരവാദിത്വവും പൗരധർമ്മവും മറക്കരുതെന്നും, വോട്ട് ചെയ്യുക എന്നുള്ളത് ജനാധിപത്യത്തിൻ്റെ ആത്മാവാണെന്നും അദ്ദേഹം പറഞ്ഞു. ഈ രാജ്യത്തോടും ഭരണഘടനയോടുമുള്ള ഉത്തരവാദിത്വം കണക്കിലെടുത്ത് ആരും വോട്ട് ചെയ്യുന്നതിൽ നിന്നും വിട്ടുനിൽക്കരുത്. ജനാധിപത്യം എന്തെന്ന് കുഞ്ഞുങ്ങളെ ബോധ്യപ്പെടുത്താനുള്ള കടമ നമുക്കുണ്ട്. ഭരണഘടന കാത്തുസൂക്ഷിക്കുന്ന അവകാശങ്ങൾ സാധിച്ചെടുക്കുന്നതിനും ജനാധിപത്യ മൂല്യങ്ങൾ വളർത്തുന്നതിനുമുള്ള അവസരമായി വോട്ടവകാശത്തെ കാണണമെന്നും മാർ കല്ലറങ്ങാട്ട് വിശ്വാസികളെ ആഹ്വാനം ചെയ്തു.




