ചെന്നൈ: കരൂര്‍ ദുരന്തത്തിനുശേഷം വീഡിയോ സന്ദേശത്തിലൂടെ പ്രതികരണവുമായി ടിവികെ അധ്യക്ഷൻ വിജയ്. വളരെ വേദനാജനകമായ സാഹചര്യങ്ങളിലൂടെയാണ് കടന്നുപോകുന്നതെന്നും മനസിൽ വേദന മാത്രമാണുള്ളതെന്നും വീഡിയോ സന്ദേശത്തിൽ വിജയ് പറഞ്ഞു.
കരൂര്‍ ദുരന്തത്തിനുശേഷം സാമൂഹിക മാധ്യമത്തിലൂടെ പ്രസ്താവനയിറക്കിയ വിജയ് ആദ്യമായാണ് പ്രതികരിക്കുന്നത്. തന്നോടുള്ള സ്‌നേഹംകൊണ്ടാണ് ആളുകൾ തന്നെ കാണാൻ എത്തിയതെന്നും ആ സ്നേഹത്തിനു നന്ദി ഉണ്ടെന്നും സംഭവിക്കാൻ പാടില്ലാത്ത കാര്യങ്ങളാണ് സംഭവിച്ചതെന്നും ജനങ്ങളുടെ സുരക്ഷയ്ക്കാണ് പ്രധാനമെന്നും വിജയ് പറഞ്ഞു.
രാഷ്ട്രീയം മാറ്റിവെച്ച് സുരക്ഷ കണക്കിലെടുത്ത് പരിപാടി നടത്താൻ അനുയോജ്യമായ സ്ഥലത്ത് അനുമതി തേടി പൊലീസിനെ സമീപിച്ചിരുന്നു. പൊലീസ് അനുവദിച്ച സ്ഥലത്താണ് പ്രസംഗിച്ചതെന്നും, നടക്കാൻ പാടില്ലാത്തത് സംഭവിച്ചുപോയെന്നും വികാരാധീനനായി വിജയ് വീഡിയോ സന്ദേശത്തിൽ പറഞ്ഞു. സത്യം ഓരോന്നായി പുറത്തുവരുമെന്നും സംഭവത്തിൽ ഗൂഢാലോചനയുണ്ടെന്നും പറഞ്ഞ വിജയ് ഉടൻ തന്നെ എല്ലാവരെയും കാണുമെന്നും രാഷ്ട്രീയം ശക്തമായി തുടരുമെന്നും വ്യക്തമാക്കി.










