പാലക്കാട്: ഡോക്ടർ പി സരിൻ ഒറ്റപ്പാലത്ത് ഇടതുമുന്നണി സ്ഥാനാർത്ഥി ആയേക്കുമെന്ന് സൂചന. സരിനെ മത്സരിപ്പിക്കുന്നതിനായി സിപിഎം സംസ്ഥാനതലത്തിൽ നീക്കങ്ങൾ നടക്കുന്നതായാണ് വിവരം. പാലക്കാട് മണ്ഡലത്തിൽ സരിനെ പരിഗണിക്കില്ലെന്നും വിജയസാധ്യതയുള്ള സീറ്റ് തന്നെ നൽകണമെന്ന നിർദേശമുണ്ടെന്നുമാണ് വിവരം.
ഒറ്റപ്പാലം കേന്ദ്രീകരിച്ച് പ്രവർത്തിക്കാൻ സരിന് നിർദേശം ലഭിച്ചതായും സൂചനകളുണ്ട്. പാലക്കാട് നിയമസഭ ഉപതെരഞ്ഞെടുപ്പിന് തൊട്ടുമുൻപാണ് പി. സരിൻ കോൺഗ്രസിൽ നിന്ന് വിട്ട് സിപിഎമ്മിനൊപ്പം ചേർന്നത്. തുടർന്ന് പാർട്ടി പ്രവർത്തനങ്ങളിൽ സജീവമായി ഇടപെടുന്നുണ്ട്.
ഉപതെരഞ്ഞെടുപ്പിൽ മൂന്നാം സ്ഥാനത്തേക്ക് മാത്രമാണ് സരിന് എത്താനായത്. എങ്കിലും രണ്ടാമതെത്തിയ ബിജെപിക്കും സിപിഎമ്മിനും ഇടയിൽ നേരിയ വോട്ടുവ്യത്യാസം മാത്രമേ ഉണ്ടായിരുന്നുള്ളൂ. പരാജയപ്പെട്ടിട്ടും സരിന് രാഷ്ട്രീയ തരംഗം സൃഷ്ടിക്കാൻ കഴിഞ്ഞുവെന്നാണ് സിപിഎമ്മിനുള്ളിലെ വിലയിരുത്തൽ.
സിപിഎമ്മിനകത്തുള്ള ചർച്ചകളിൽ നിന്നാണ് സരിനെ ഒറ്റപ്പാലത്ത് മത്സരിപ്പിക്കാനുള്ള ആലോചന ഉയർന്നിരിക്കുന്നത്. എന്നാൽ ഇതുമായി ബന്ധപ്പെട്ട് പി. സരിൻ ഇതുവരെ പ്രതികരിച്ചിട്ടില്ല.






