മലപ്പുറം: പെരിന്തൽമണ്ണ വാട്ടർ അതോറിറ്റിക്ക് കീഴിൽ പുലാമന്തോൾ പഞ്ചായത്ത് കുരുവമ്പലം പൂതാനിക്കുളമ്പ് നൂറുൽ ഇസ്ലാം മദ്രസ റോഡിൽ കഴിഞ്ഞ ഏഴ് മാസത്തോളമായി വാട്ടർ അതോറിറ്റിയുടെ കുടിവെള്ള പൈപ്പ് ലൈൻ പൊട്ടി വെള്ളം പാഴാകുകയാണ്.
അധികൃതരുടെ ശ്രദ്ധയിൽ പല തവണ ഈ പ്രശ്‌നം ഉണർത്തിയെങ്കിലും ഇപ്പോഴും ഇക്കാര്യത്തി യാതൊരു നടപടിയുമില്ല. അധികൃതരുടെ നിസംഗത കാരണം വാർഡ് മെമ്പറെ വിവരം അറിയിച്ചെങ്കിലും മെമ്പറുടെ ഭാഗത്ത് നിന്നും ഇതുവരേയും പ്രശ്നത്തിന് പരിഹാരമാവുന്ന രീതിയിലുള്ള ഇടപെടലുകൾ ഒന്നും ഉണ്ടായിട്ടില്ല എന്നും, പരാതി പറയുമ്പോഴെല്ലാം ഇപ്പോൾ ശരിയാക്കാം എന്ന മറുപടി മാത്രമാണ് ലഭിക്കുന്നതെന്നുമാണ് നാട്ടുകാർ പറയുന്നത്.
മാസങ്ങളായി ഈ പരിസരത്തെ വീടുകളിലെല്ലാം ജല ലഭ്യത വളരെ കുറവായിട്ടുണ്ട്. വേനൽ കാലമല്ലാത്തതിനാൽ ഇത് പ്രദേശത്തെ കുടുംബങ്ങൾക്ക് വലിയ പ്രയാസമില്ല. എന്നാൽ വേനൽ കടുക്കുന്നതോടെ രൂക്ഷമായ കുടിവെള്ള ക്ഷാമം അനുഭവപ്പെടുന്ന പ്രദേശമായതിനാൽ വലിയ ദുരിതമായിരിക്കും അനുഭവപ്പെടുക.
കൂടെ പൈപ്പ് പൊട്ടി ഒഴുകുന്ന വെള്ളം തൊട്ടടുത്ത വീടിൻ്റെ മതിൽ തുരന്ന് വീട്ടു മുറ്റത്ത് തളം കെട്ടി നിൽക്കുന്നത് വലിയ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാവും. ഈ പ്രദേശത്തേക്ക് വെള്ളം പമ്പ് ചെയ്യുന്ന ദിവസങ്ങളിലെല്ലാം പ്രസ്തുത വീട്ടുകാർക്ക് മുറ്റത്തേക്ക് ഇറങ്ങാൻ പറ്റാത്ത അവസ്ഥയാണ് ഉള്ളത്.
പല തവണ ഈ വിഷയത്തിൻ്റെ ഗൗരവം അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയിട്ടും ഇതുവരേയും ഒരു പരിഹാരം കാണാത്തത് ഏറെ പ്രതിഷേധാർഹമാണെന്ന് പ്രദേശവാസികൾ അഭിപ്രായപ്പെടുന്നു.




