കൊച്ചി: ദൃശ്യം 3 വൻ വിജയത്തിലേക്ക് മുന്നേറുന്നു. മോഹൻലാൽ നായകനായി എത്തിയ ചിത്രം ആഗോള ബോക്സ് ഓഫീസിൽ ഇതിനകം 150 കോടിയിലധികം രൂപ നേടി. ചിത്രത്തിന്റെ ബിഹൈൻഡ് ദ സീൻ ദൃശ്യങ്ങൾ ഇപ്പോൾ പുറത്തുവിട്ടിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ വീഡിയോയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
മലയാള സിനിമയിൽ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രങ്ങളിലൊന്നായിരുന്നു ദൃശ്യം 3. ആദ്യ രണ്ട് ഭാഗങ്ങളുടെ വലിയ വിജയമാണ് മൂന്നാം ഭാഗത്തോടുള്ള ആകാംക്ഷ വർധിപ്പിച്ചത്. ജോർജുകുട്ടിയുടെയും കുടുംബത്തിന്റെയും കഥയാണ് മൂന്നാം ഭാഗത്തിലും തുടരുന്നത്. പോലീസിന്റെ പിടിയിൽ നിന്ന് കുടുംബം വീണ്ടും രക്ഷപ്പെടുമോ എന്നതാണ് സിനിമയുടെ പ്രധാന ആകർഷണം. കുടുംബബന്ധങ്ങൾക്കും വികാരങ്ങൾക്കും പ്രാധാന്യം നൽകിയുള്ള അവതരണമാണ് ചിത്രത്തിൽ.
ചിത്രത്തിന് യു/എ 13+ സർട്ടിഫിക്കറ്റാണ് ലഭിച്ചത്. ആദ്യം ഏപ്രിൽ 2ന് റിലീസ് നിശ്ചയിച്ചിരുന്ന സിനിമ പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം കാരണം മെയ് 21ലേക്ക് മാറ്റുകയായിരുന്നു. മീന, അൻസിബ ഹസ്സൻ, എസ്തർ അനിൽ, ആശാ ശരത്, സിദ്ദിഖ്, കലാഭവൻ ഷാജോൺ, ഇർഷാദ്, ഗണേഷ് കുമാർ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.
ആശിർവാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂർ ആണ് സിനിമ നിർമ്മിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ഹിന്ദി പതിപ്പ് 2026 ഒക്ടോബർ 2ന് റിലീസ് ചെയ്യുമെന്നാണ് വിവരം. ഹിന്ദി പതിപ്പിന്റെ നിർമ്മാതാക്കളായ പനോരമ സ്റ്റുഡിയോസ് മലയാളം ചിത്രത്തിന്റെ ആഗോള തിയറ്റർ, ഡിജിറ്റൽ അവകാശങ്ങൾ സ്വന്തമാക്കിയതായും റിപ്പോർട്ടുകളുണ്ട്. കൂടാതെ പെൻ സ്റ്റുഡിയോസ് പദ്ധതിയിലേക്ക് നിക്ഷേപം നടത്തുന്നതായാണ് സൂചന.






