മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ ബോട്ട് ഉപയോഗിച്ചായിരുന്നു ആക്രമണമെന്നാണ് വിവരം. സംഭവത്തിൽ ഇന്ത്യാക്കാരനടക്കം കൊല്ലപ്പെട്ടു.
ആക്രമണത്തെ തുടർന്ന് കപ്പലിൽ തീപിടിക്കുകയും വലിയ നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തു. ആക്രമണസമയത്ത് കപ്പലിൽ 16 ഇന്ത്യക്കാരുണ്ടായിരുന്നുവെന്നാണ് വിവരം. ഇവരിൽ ഒരാളാണ് മരിച്ചതെന്ന് അറിയുന്നു. കൊല്ലപ്പെട്ടയാളുടെ തിരിച്ചറിയൽ വിവരങ്ങളും മറ്റ് പരിക്കേറ്റവരുടെ അവസ്ഥയും സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം പുറത്തുവന്നിട്ടില്ല.
ഒമാൻ നാവികസേനയുടെ സഹായത്തോടെയാണ് രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നത്. ഇറാനും അമേരിക്കയും തമ്മിലുള്ള സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ ഒമാൻ തീരത്തുണ്ടായ ഈ നീക്കം അന്താരാഷ്ട്ര തലത്തിൽ വലിയ ആശങ്കയുണ്ടാക്കിയിട്ടുണ്ട്.






