തിരുവനതപുരം: പോത്തൻകോട് കഞ്ചാവ് വിൽപ്പന പോലീസിൽ അറിയിച്ച യുവാക്കൾക്ക് നേരെ ലഹരി മാഫിയ സംഘത്തിന്റെ ആക്രമണം. സഹോദരങ്ങളായ രതീഷ്, രജനീഷ് എന്നിവരാണ് ആക്രമത്തിനിയായത്. ഇന്നലെ വൈകിട്ടോടെയാണ് എട്ടംഗ സംഘം കാട്ടായിക്കോണം അരിയോട്ടുകോണത്താണ് വെച്ച് ആക്രമിച്ചത്.
വീടിനടുത്ത് രതീഷും രജനീഷും നടത്തുന്ന പശു ഫാമിന്റെ സമീപത്ത് ലഹരി ഉപയോഗവും വില്പനയും ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് വിവരം പോത്തന്‍കോട് പോലീസില്‍ അറിയിച്ചിരുന്നു. തുടര്‍ന്ന് ഇന്നലെ വൈകിട്ട് രജനീഷിനെ ലഹരി സംഘം ബൈക്ക് തടഞ്ഞുനിര്‍ത്തി ആക്രമിക്കാന്‍ ശ്രമിച്ചു. ഇക്കാര്യം പോലീസിൽ അറിയിച്ചിരുന്നു. ശേഷം ഫാമിലേക്ക് എത്തിയപ്പോഴാണ് രതീഷിനെയും രജനീഷിനെയും ലഹരിസംഘം ക്രൂരമായി ആക്രമിച്ചത്.
പരാതി നല്കിയ വിവരം പൊലീസില്‍നിന്നു ചോര്‍ന്നതാണ് ആക്രമണത്തിനു കാരണമെന്നു സംശയിക്കുന്നതായി യുവാക്കാള്‍ പറയുന്നു. പ്രതികളില്‍ പ്രായപൂര്‍ത്തിയാകാത്തവരും ഉണ്ടെന്നു പോലീസ് അറിയിച്ചു. വെട്ടേറ്റ രതീഷിന്റെ തലയില്‍ 20 തുന്നലും കയ്യിൽ പൊട്ടലുമുണ്ട്. സംഭവത്തിൽ പോത്തന്‍കോട് പോലീസ് വധശ്രമത്തിന് കേസെടുത്തു.






