കണ്ണൂർ: മദ്യപിച്ച് വാഹനമോടിച്ച പൊലീസുകാരൻ ഓടിച്ച കാറിടിച്ച് മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റു. കണ്ണോത്തുംചാലിലെ റസ്റ്ററന്റിൽ ജോലി ചെയ്യുന്ന യുവതിക്കും രണ്ട് അതിഥി തൊഴിലാളികൾക്കുമാണ് പരിക്കേറ്റത്. സംഭവത്തിൽ അഴീക്കൽ കോസ്റ്റൽ സ്റ്റേഷനിലെ എഎസ്ഐ രജിത്തിനെ സസ്പെൻഡ് ചെയ്തു.
കഴിഞ്ഞ 21ന് അർധരാത്രിയോടെയാണ് അപകടം നടന്നത്. റസ്റ്ററന്റിൽ ജോലി ചെയ്യുന്ന പന്ന്യന്നൂർ സ്വദേശി സ്വാതി, അതിഥി തൊഴിലാളികളായ ഹവാസ് അലി, റോക്കിബുൾ എന്നിവരെ രജിത്ത് ഓടിച്ച കാർ ഇടിക്കുകയായിരുന്നു. അമിതവേഗത്തിലെത്തിയ കാർ മൂവരെയും ഇടിച്ചുവീഴ്ത്തുകയായിരുന്നു. കാലിനും മറ്റും ഗുരുതരമായി പരിക്കേറ്റ മൂവരും ചികിത്സയിലാണ്.
മദ്യപിച്ച നിലയിലാണ് രജിത്ത് വാഹനമോടിച്ചതെന്നാണ് പൊലീസ് പറയുന്നത്. അപകടത്തിന് പിന്നാലെ നാട്ടുകാർ രജിത്തിനെ പിടികൂടി പൊലീസിന് കൈമാറി. സംഭവത്തിൽ കണ്ണൂർ ടൗൺ പൊലീസ് കേസെടുത്തു. തുടർന്ന് രജിത്തിനെ സസ്പെൻഡ് ചെയ്തു.












