കണ്ണൂർ; പി.വി. അൻവറുമായി കൂടിക്കാഴ്ച നടത്തിയ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ പരിഹസിച്ച് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ്. പകൽ വെല്ലുവിളി പരിഹാസം, രാത്രിവേഷം മാറലും കാലുപിടിത്തമെന്നും വി.കെ. സനോജ് ഫേസ്ബുക്കിൽ കുറിച്ചു.
കഴിഞ്ഞ ദിവസം അർധരാത്രിയിൽ പി.വി. അൻവറിനെ ചെന്ന് കണ്ടത് മുന്നണി പ്രവേശനവുമായി ബന്ധപ്പെട്ടല്ലെന്നായിരുന്നു രാഹുൽ മാങ്കൂട്ടത്തിൽ പ്രതികരിച്ചത്. പിണറായിസത്തിനെതിരേ പോരാട്ടം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിൽ അതിൽ ജയിക്കാൻ കഴിയുക യുഡിഎഫിനാണെന്നും അതിവൈകാരികമായി തീരുമാനങ്ങളെടുക്കരുതെന്ന് അൻവറിനോട് പറയാനായിരുന്നു പോയത് എന്നായിരുന്നു കൂടിക്കാഴ്‌ചയ്ക്ക് പിന്നാലെ രാഹുൽ മാങ്കൂട്ടത്തിൽ പ്രതികരിച്ചത്.
അതേസമയം രാഹുൽ അൻവറിനെ കണ്ടത് തെറ്റെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. ആരെയും ചർച്ചയ്ക്ക് ചുമതലപ്പെടുത്തിയിട്ടില്ല. അങ്ങനെ ആണെങ്കിൽ തന്നെ ജൂനിയർ ആയ എംഎൽഎയെ ആണോ ചർച്ചയ്ക്ക് ചുമതലപ്പെടുത്തുന്നത് എന്നും അദ്ദേഹം ചോദിച്ചു. രാഹുൽ മാങ്കൂട്ടത്തിലിനോട് വിശദീകരണം ചോദിക്കില്ലെന്നും നേരിട്ട് കണ്ട് ശാസിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.രാഹുൽ അൻവറിനെ കണ്ടത് വിവാദമാക്കേണ്ട കാര്യമില്ല വ്യക്തിപരമായ കൂടിക്കാഴ്ചയെന്നാണ് കെ മജ്ഞുരളീധരൻ വിഷയത്തിൽ പ്രതികരിച്ചിരിക്കുന്നത്.






