കണ്ണൂർ: ചെറുവാഞ്ചേരിയിൽ പൊതിച്ചോർ ശേഖരിക്കുന്നതിനിടെ ഡിവൈഎഫ്ഐ പ്രവർത്തകരെ മർദിച്ചെന്ന പരാതിയിൽ കോൺഗ്രസ് നേതാവിനെതിരെ കേസ്. ഡിസിസി മുൻ അംഗം പ്രഭാകരനെതിരെയാണ് കണ്ണവം പോലീസ് കേസെടുത്തത്. ഇന്നലെ ഉച്ചഭക്ഷണ വിതരണത്തിന്റെ ഭാഗമായി വീടുകളിൽ നിന്ന് പൊതിച്ചോർ ശേഖരിക്കുന്നതിനിടെ രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകരെ പ്രഭാകരൻ അസഭ്യം പറയുകയും മർദിക്കുകയും ചെയ്തെന്നാണ് പരാതി.
ഡിവൈഎഫ്ഐയുടെ പരാതിയിലാണ് കണ്ണവം പൊലീസ് കേസെടുത്തത്. ഇന്നലെയായിരുന്നു സംഭവം. ഡിവൈഎഫ്ഐ നേതാക്കളായ ശരത്ത്, ലാലു എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. യാതൊരു പ്രകോപനവുമില്ലാതെയാണ് ഇയാൾ മർദ്ദിച്ചത് എന്നാണ് ഡിവൈഎഫ്ഐയുടെ ഭാഗം. മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങള്‍ ഡിവൈഎഫ്ഐ പുറത്ത് വിട്ടിരുന്നു. എന്നാൽ അയൽക്കാർ തമ്മിലുള്ള പ്രശ്നമാണെന്നും ഡിവൈഎഫ്ഐയുടേത് മുൻകൂട്ടി ആസൂത്രണം ചെയ്ത നാടകമെന്നുമാണ് കോൺഗ്രസിന്റെ പ്രതികരണം.






