കിൻഷാസ: ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ എബോള വൈറസ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ലോകാരോഗ്യ സംഘടന അന്താരാഷ്ട്ര ആശങ്കയുള്ള പൊതുജനാരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. രാജ്യത്തിന്റെ കിഴക്കൻ പ്രവിശ്യയായ ഇറ്റൂരിയിലാണ് രോഗവ്യാപനം ഏറ്റവും കൂടുതലായി റിപ്പോർട്ട് ചെയ്യുന്നത്.
നിലവിൽ 246 സംശയാസ്പദ കേസുകളും 80 മരണങ്ങളും റിപ്പോർട്ട് ചെയ്തതായി അധികൃതർ അറിയിച്ചു. രോഗബാധയുടെ വ്യാപ്തിയും യഥാർത്ഥ കേസുകളുടെ എണ്ണവും സംബന്ധിച്ച് വലിയ അനിശ്ചിതത്വം നിലനിൽക്കുന്നതായി ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ഡോ ടെഡ്രോസ് അഥാനോം ഗബ്രിയേസസ് മുന്നറിയിപ്പ് നൽകി. എന്നാൽ നിലവിലെ സാഹചര്യം ആഗോള മഹാമാരിയായി പ്രഖ്യാപിക്കാനുള്ള ഘട്ടത്തിലെത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
‘ബുന്ദിബുഗ്യോ’ വിഭാഗത്തിൽപ്പെടുന്ന എബോള വൈറസാണ് ഇപ്പോൾ കോംഗോയിൽ പടരുന്നത്. ഈ വകഭേദത്തിനെതിരെ ഫലപ്രദമായ വാക്സിനുകളോ അംഗീകൃത ചികിത്സാമരുന്നുകളോ നിലവിൽ ലഭ്യമല്ലെന്നത് ആശങ്ക വർധിപ്പിക്കുന്നതായി ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ബുനിയ, മോങ്‌വാലു, റമ്പാറ തുടങ്ങിയ മേഖലകളിലാണ് കൂടുതൽ രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്.
ജനങ്ങളുടെ സഞ്ചാരവും അതിർത്തി കടന്നുള്ള വ്യാപാരവും തുടരുന്നതിനിടെ അയൽരാജ്യമായ ഉഗാണ്ടയിലും രണ്ട് എബോള കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വ്യാഴാഴ്ച മരിച്ച 59കാരന് എബോള സ്ഥിരീകരിച്ചതായി ഉഗാണ്ടൻ ആരോഗ്യവകുപ്പ് അറിയിച്ചു.
രോഗവ്യാപനം നിയന്ത്രിക്കാൻ കോംഗോയും ഉഗാണ്ടയും അടിയന്തര ഓപ്പറേഷൻ കേന്ദ്രങ്ങൾ സജ്ജമാക്കി നിരീക്ഷണം ശക്തമാക്കണമെന്ന് ലോകാരോഗ്യ സംഘടന നിർദേശിച്ചു. രോഗബാധിതരെ ഉടൻ ഐസൊലേഷനിലേക്ക് മാറ്റുകയും തുടർച്ചയായ ലബോറട്ടറി പരിശോധനകളിലൂടെ ആരോഗ്യനില നിരീക്ഷിക്കുകയും വേണമെന്ന് നിർദേശമുണ്ട്.
അതേസമയം, രോഗഭീതിയുടെ പേരിൽ അതിർത്തികൾ അടയ്ക്കുകയോ യാത്രാ-വ്യാപാര നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയോ ചെയ്യരുതെന്നും അത്തരം നടപടികൾക്ക് ശാസ്ത്രീയ അടിസ്ഥാനമില്ലെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി.
1976-ലാണ് കോംഗോയിൽ ആദ്യമായി എബോള വൈറസ് കണ്ടെത്തിയത്. വവ്വാലുകളിൽ നിന്നാണ് വൈറസ് മനുഷ്യരിലേക്ക് പടർന്നതെന്നാണ് വിലയിരുത്തൽ. രോഗബാധിതരുടെ ശരീര സ്രവങ്ങളുമായി നേരിട്ട് സമ്പർക്കത്തിൽ ഏർപ്പെടുന്നതിലൂടെയാണ് വൈറസ് പകരുന്നത്. പനി, തലവേദന, പേശിവേദന തുടങ്ങിയ പ്രാരംഭ ലക്ഷണങ്ങൾക്ക് പിന്നാലെ കടുത്ത ഛർദ്ദിയും രക്തസ്രാവവും ഉണ്ടാകാം. ശരാശരി 50 ശതമാനത്തോളം മരണനിരക്കുള്ള എബോള ബാധിച്ച് കഴിഞ്ഞ അഞ്ച് പതിറ്റാണ്ടിനിടെ ആഫ്രിക്കൻ രാജ്യങ്ങളിൽ ആയിരക്കണക്കിന് ആളുകൾ മരിച്ചിട്ടുണ്ട്.






