കൊച്ചി: മാത്യു കുഴല്‍നാടനെതിരെ ED അന്വേഷണം. ചിന്നക്കന്നാല്‍ റിസോര്‍ട്ടുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടിലാണ് അന്വേഷണം. ECIR രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. കേസില്‍ റിസോര്‍ട്ട് മുന്‍ ഉടമയെ ചോദ്യം ചെയ്തു.
മാത്യു കുഴല്‍നാടനെ ഉടന്‍ ചോദ്യം ചെയ്യും. 50 സെന്റ് സര്‍ക്കാര്‍ ഭൂമി കയ്യേറിയാണ് റിസോര്‍ട്ട് നിര്‍മ്മിച്ചതെന്ന പരാതിയില്‍ വിജിലന്‍സ് അന്വേഷണം നടക്കുന്നതിനിടെയാണ് ഇ ഡി നടപടി.ചിന്നക്കനാലിലെ ഭൂമി ഇടപാട് കേസില്‍ മാത്യു കുഴല്‍നാടനെതിരെ നേരത്തെ ഇടുക്കി വിജിലന്‍സ് യൂണിറ്റ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. കേസിലെ 16-ാം പ്രതിയാണ് മാത്യുകുഴല്‍നാടന്‍. കേസില്‍ ആകെ 21 പ്രതികളാണുള്ളത്.
ക്രമക്കേടുണ്ടെന്നറിഞ്ഞിട്ടും മാത്യു കുഴല്‍നാടന്‍ ഭൂമി വാങ്ങിയെന്നായിരുന്നു വിജിലന്‍സ് എഫ്‌ഐആറില്‍ പറഞ്ഞിരുന്നത്. 2012ലെ ദേവികുളം തഹസില്‍ദാര്‍ ഷാജിയാണ് ഒന്നാം പ്രതി. ഇടുക്കി ചിന്നക്കനാലിലെ ‘കപ്പിത്താന്‍ റിസോര്‍ട്ട്’ പ്രവര്‍ത്തിക്കുന്ന മാത്യുക്കുഴല്‍ നാടന്റെ ഭൂമിയുമായി ബന്ധപ്പെട്ട് വിജിലന്‍സ് നടത്തിയ അന്വേഷണത്തില്‍ സര്‍ക്കാര്‍ പുറമ്പോക്ക് ഭൂമിയടക്കം കയ്യേറി റിസോര്‍ട്ട് നിര്‍മ്മിച്ചു എന്ന് കണ്ടെത്തുകയും തുടര്‍ന്ന് റവന്യൂ വകുപ്പും കേസ് എടുക്കുകയും ചെയ്തിരുന്നു.






