കൊച്ചി: സംസ്ഥാനത്ത് നഴ്സുമാരുടെ സമരം ശക്തമായിരിക്കെ, നഴ്സുമാരുടെ സംഘടനയായ യുണൈറ്റഡ് നഴ്സസ് അസോസിയേഷന്റെ (യു.എൻ.എ.) മുൻ ദേശീയ പ്രസിഡന്റ് എം. ജാസ്മിൻ ഷായുടെയും ഭാര്യയുടെയുമുൾപ്പെടെ നാലുപേരുടെ 1.44 കോടി രൂപ മൂല്യമുള്ള സ്ഥാവരജംഗമ സ്വത്തുക്കൾ എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. യു.എൻ.എ. ഫണ്ട് ദുരുപയോഗം ചെയ്തതുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് നടപടി.
ജാസ്മിൻ ഷാ, ഭാര്യ എം.എ. ഷബ്ന, യു.എൻ.എ. മുൻ ഭാരവാഹികളായ ബിബിൻ എൻ. പോൾ, ഷോബി ജോസഫ് എന്നിവരുടെ പേരിലുള്ള അഞ്ച് സ്ഥാവര സ്വത്തുക്കളും നാല് സ്ഥിരനിക്ഷേപങ്ങളുമാണ് കണ്ടുകെട്ടിയത്. മലപ്പുറം, പാലക്കാട്, തൃശ്ശൂർ, ഇടുക്കി ജില്ലകളിലായി ഭൂമിയും ഫ്ലാറ്റും ഉൾപ്പെടെയുള്ള സ്വത്തുക്കൾ ഇതിൽപ്പെടുന്നു.
യു.എൻ.എ. ഫണ്ട് തിരിമറിയുമായി ബന്ധപ്പെട്ട് തൃശ്ശൂർ ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറും തുടർന്ന് തൃശ്ശൂർ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ സമർപ്പിച്ച കുറ്റപത്രവും അടിസ്ഥാനമാക്കിയാണ് ഇ.ഡി. അന്വേഷണം ആരംഭിച്ചത്. ജാസ്മിൻ ഷാ, എം.എ. ഷബ്ന, ഷോബി ജോസഫ്, നിധിൻ മോഹൻ, പി.ഡി. ജിത്തു, എ.കെ. സുജനപാൽ, ബിബിൻ എൻ. പോൾ, എം.വി. സുദീപ് എന്നിവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.
യു.എൻ.എ. ദേശീയ പ്രസിഡന്റായിരിക്കെ ജാസ്മിൻ ഷാ ഭാര്യയുടേയും മറ്റ് ഭാരവാഹികളുടേയും സഹായത്തോടെ സംഘടനയുടെ അംഗത്വഫീസും ഫണ്ടും ദുരുപയോഗം ചെയ്തതായി അന്വേഷണത്തിൽ കണ്ടെത്തിയതായി ഇ.ഡി. വ്യക്തമാക്കി. ബാങ്കിൽ നിന്നുള്ള പണം കാഷായി പിൻവലിക്കുകയും ഭാഗികമായി അക്കൗണ്ട് ട്രാൻസ്ഫർ വഴി സ്വകാര്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കുകയും ചെയ്തതായും കണ്ടെത്തി.
ഫ്ലാറ്റിന്റെയും വാഹനത്തിന്റെയും വായ്പയുടെ പലിശ അടയ്ക്കുന്നതിനായി ഈ പണം ഉപയോഗിച്ചതായും അന്വേഷണത്തിൽ വ്യക്തമാകുന്നു. സംഘടനാ ചെലവുകളാണെന്ന് കാണിക്കാൻ വ്യാജ കമ്മിറ്റി മിനിറ്റ്സുകളും തയ്യാറാക്കിയതായി അന്വേഷണത്തിൽ കണ്ടെത്തി. ഏകദേശം 1.44 കോടി രൂപയുടെ ഫണ്ട് ദുരുപയോഗം നടന്നതായാണ് അന്വേഷണ ഏജൻസികളുടെ കണ്ടെത്തൽ.






