കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കളില്‍നിന്ന് 2024-25 വര്‍ഷത്തെ വിദ്യാഭ്യാസ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. 2025 മാര്‍ച്ചില്‍ സര്‍ക്കാര്‍/എയ്ഡഡ് സ്‌കൂളുകളില്‍നിന്ന് ആദ്യ അവസരത്തില്‍ എസ്.എസ്.എല്‍.സി/ ടി.എച്ച്.എസ്.എല്‍.സി പാസായ വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. 75ഉം അതില്‍ കൂടുതലും പോയന്റ് നേടിയവരാകണം. എസ്‌സി/എസ്ടി വിഭാഗത്തില്‍പ്പെടുന്ന അംഗങ്ങളുടെ മക്കള്‍ക്ക് 70 പോയന്റ് മതി. ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി അവസാനവര്‍ഷ പരീക്ഷയില്‍ 85 ശതമാനത്തില്‍ കുറയാതെയും എസ്‌സി/എസ്ടി വിഭാഗത്തില്‍പ്പെടുന്ന അംഗങ്ങളുടെ മക്കള്‍ക്ക് 80 ശതമാനത്തില്‍ കുറയാതെയും മാര്‍ക്കുണ്ടാകണം.
നിശ്ചിത ഫോമില്‍ പൂരിപ്പിച്ച അപേക്ഷ കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ ജില്ലാ എക്സിക്യൂട്ടിവ് ഓഫീസില്‍ ഓഗസ്റ്റ് 30ന് വൈകീട്ട് മൂന്ന് വരെ നല്‍കാം. ഫോമും മറ്റു വിവരങ്ങളും ജില്ലാ ക്ഷേമനിധി ബോര്‍ഡ് ഓഫീസിലും www.agriworkersfund.org ലും ലഭിക്കും.
അപേക്ഷയോടൊപ്പം മാര്‍ക്ക് ലിസ്റ്റിന്റെയും ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റിന്റെയും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, ക്ഷേമനിധി പാസ്ബുക്ക്, ആധാര്‍കാര്‍ഡ്, ബാങ്ക് പാസ്ബുക്ക്, റേഷന്‍കാര്‍ഡ് (ബന്ധം തെളിയിക്കുന്നതിന് മറ്റു രേഖകള്‍ ഇല്ലെങ്കില്‍), ജാതി സര്‍ട്ടിഫിക്കറ്റ് (എസ്‌സി/എസ് ടി വിഭാഗങ്ങള്‍ക്ക് മാത്രം) എന്നിവയുടെ പകര്‍പ്പ്, യൂണിയന്‍ സാക്ഷ്യപത്രം, പേരിലോ വിലാസത്തിലോ വ്യത്യാസമുണ്ടെങ്കില്‍ രണ്ടും ഒരാളാണെന്ന് തെളിയിക്കുന്ന വാര്‍ഡ് മെമ്പറുടെ സാക്ഷ്യപത്രം എന്നിവ ഹാജരാക്കണം.






