ആറ്റിങ്ങൽ: ഹരിത കർമസേനാംഗങ്ങളെ മർദ്ദിച്ച വയോധികനെ പൊലീസ് അറസ്റ്റ് ചെയ്തു. ചിറയിൻകീഴ് റെയിൽവേ ഗേറ്റിനടുത്തുള്ള മണ്ണാക്കുടി വീട്ടിൽ രാജു ആണ് അറസ്റ്റിലായത്. ആറ്റിങ്ങൽ കാട്ടുംപുറം റോഡിലാണ് സംഭവം നടന്നത്. ആറ്റിങ്ങൽ തച്ചൂർകുന്ന് സ്വദേശികളായ ലതയും രമയുമാണ് മർദ്ദനത്തിനിരയായത്.
ഹരിത കർമസേന അംഗങ്ങൾ ശേഖരിച്ച പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള അജൈവ മാലിന്യങ്ങൾ ചാക്കുകളിലാക്കി പാലസ് റോഡിന് സമീപം സൂക്ഷിച്ചിരിക്കുകയായിരുന്നു. ചാക്കുകൾ തിരികെ എടുക്കാൻ എത്തിയപ്പോൾ, രാജു അവ തുറന്ന് സാധനങ്ങൾ എടുത്തുമാറ്റാൻ ശ്രമിച്ചതായി പൊലീസ് വ്യക്തമാക്കി. ഇതിനെ ചോദ്യം ചെയ്തതിനിടെയാണ് ലതയെയും രമയെയും രാജു മർദ്ദിച്ചത്.
സംഭവത്തിന് ശേഷം രാജു സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. ആറ്റിങ്ങൽ നഗരസഭയുടെ ആരോഗ്യവിഭാഗം പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതിയെ തിരിച്ചറിഞ്ഞത്.
ആറ്റിങ്ങൽ പൊലീസ് ഇൻസ്പെക്‌ടർ ജെ.അജയൻ്റെ നിർദേശപ്രകാരം എസ്.ഐ ജിഷ്ണുവിൻ്റെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ അറസ്റ്റ് ചെയ്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.




